വി.എസ്: സി.പി.എം പി.ബി കമീഷന്‍ റിപ്പോര്‍ട്ട് ഈമാസം

ന്യൂഡല്‍ഹി:  കേരളത്തിലെ സി.പി.എമ്മിലെ സംഘടനാപ്രശ്നം പരിശോധിക്കുന്ന പി.ബി കമീഷന്‍െറ റിപ്പോര്‍ട്ട് അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കും. പി.ബി കമീഷന്‍ നടപടി വേഗത്തിലാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന പി.ബി യോഗം ധാരണയിലത്തെി. സെപ്റ്റംബര്‍ 17, 18 തീയതികളിലാണ് അടുത്ത കേന്ദ്ര കമ്മിറ്റി യോഗം.  കേന്ദ്ര കമ്മിറ്റി യോഗത്തിനുമുമ്പ്  പി.ബി കമീഷന്‍ നടപടികള്‍ തയാറാക്കാനാണ് ശ്രമിക്കുന്നതെന്ന്  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  പി.ബി കമീഷന്‍ ഈയിടെ ഒരുതവണ യോഗം ചേര്‍ന്നതായും ഈ മാസം റിപ്പോര്‍ട്ട് തയാറാക്കുന്ന നടപടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.  

വി.എസ്. അച്യുതാനന്ദന്‍െറ പദവി സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ല. ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പി.ബി യോഗത്തില്‍ കാര്യമായ ചര്‍ച്ചയായില്ല.  ഇതുസംബന്ധിച്ച്  ഇപ്പോള്‍ ഉയര്‍ന്ന വിവാദം പാര്‍ട്ടിക്കും വി.എസിനും പരിക്കില്ലാത്ത വിധം പരിഹരിക്കാനുള്ള നടപടി സംസ്ഥാനതലത്തില്‍ ഉണ്ടാകണമെന്ന് പി.ബി വിലയിരുത്തി. എന്നാല്‍, ഇക്കാര്യത്തില്‍ പി.ബി പ്രത്യേകിച്ച് നിര്‍ദേശം നല്‍കിയിട്ടില്ല.   
ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം തിരിച്ചുകിട്ടണമെന്നാണ് വി.എസിന്‍െറ നിലപാട്. എന്നാല്‍, വി.എസ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരിച്ചത്തെുന്നതിനോട് പിണറായി പക്ഷം അനുകൂലമല്ല.  സീതാറാം യെച്ചൂരിക്കുമേല്‍ വി.എസിന്‍െറ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ട്. ഇതേതുടര്‍ന്നാണ് മുടങ്ങിക്കിടന്ന പി.ബി കമീഷന്‍ നടപടികള്‍ പുനരുജ്ജീവിപ്പിച്ചത്.  

വി.എസിന്‍െറ സെക്രട്ടേറിയറ്റ് അംഗത്വം പരിഗണിക്കുന്നതിന് തടസ്സമായി പിണറായി പക്ഷം ചൂണ്ടിക്കാട്ടുന്നത് പി.ബി കമീഷനാണ്.  ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജനറല്‍ സെക്രട്ടറി വിളിച്ചിട്ടും തിരിച്ചുവരാതിരിക്കുകയും ചെയ്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് വി.എസിനെതിരെ പി.ബി കമീഷന് മുന്നിലുള്ളത്. വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുക്കുന്നതിനുമുമ്പ് പ്രസ്തുത പരാതികളില്‍ പി.ബി കമീഷന്‍ തീര്‍പ്പുകല്‍പിക്കണം. കമീഷന്‍ നടപടി നീട്ടിക്കൊണ്ടുപോയി വി.എസിന്‍െറ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശത്തിന് തടയിടുകയെന്ന തന്ത്രമാണ് സംസ്ഥാന ഘടകത്തിന്‍േറത്.
പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് സംഭവിച്ച വലതുപക്ഷ വ്യതിയാനങ്ങള്‍ എണ്ണിപ്പറയുന്ന വി.എസിന്‍െറ പരാതിയും പി.ബി കമീഷന്‍ മുമ്പാകെയുണ്ട്. ഈ കാര്യങ്ങളില്‍ പി.ബി കമീഷന്‍ എന്തു തീര്‍പ്പുകല്‍പിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.