കാന്തല്ലൂരിലെ പച്ചക്കറി കുറഞ്ഞവിലയ്ക്ക് തട്ടിയെടുക്കാന്‍ നീക്കം; കൃഷിവകുപ്പ് ഇടപെട്ട് തടഞ്ഞു

തൊടുപുഴ: കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍നിന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ് പച്ചക്കറി സംഭരണം ആരംഭിച്ചിരിക്കെ ലേലത്തിന്‍െറ മറവില്‍ ഉല്‍പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് തട്ടിയെടുക്കാനുള്ള ഇടനിലക്കാരുടെ നീക്കം കൃഷിവകുപ്പ് അധികൃതരുടെ ഇടപെടലില്‍ പാളി. വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലിന് (വി.എഫ്.പി.സി) കീഴിലുള്ള കര്‍ഷകരെയാണ് തമിഴ്നാട്ടിലെ വ്യാപാരികള്‍ക്ക് വേണ്ടി സംസ്ഥാനത്തെ ഇടനിലക്കാര്‍ സമര്‍ഥമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. കാലങ്ങളായി തുടര്‍ന്നുവരുന്ന ലേല സമ്പ്രദായത്തിന്‍െറ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.

കാന്തല്ലൂരില്‍ വിവിധ ക്ളസ്റ്ററുകളിലായി സഹകരണ സംഘത്തിനു കീഴില്‍ 700ഓളവും വി.എഫ്.പി.സി.കെക്ക് കീഴില്‍ ആയിരത്തിലധികവും കര്‍ഷകരാണ് ശീതകാല പച്ചക്കറി കൃഷി ചെയ്യുന്നത്. വി.എഫ്.പി.സി.കെ ശേഖരിക്കുന്ന പച്ചക്കറി ലേലം ചെയ്യുകയാണ് പതിവ്. ലേലത്തില്‍ പങ്കെടുക്കുന്ന ഇടനിലക്കാര്‍ വി.എഫ്.പി.സി.കെയിലെ ചില ജീവനക്കാരുടെ ഒത്താശയോടെ കുറഞ്ഞവിലയ്ക്ക് ഉല്‍പന്നങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. ഇതിനിടെ കാന്തല്ലൂരിലത്തെിയ കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ലേലം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു.

അതേസമയം, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍നിന്ന് ഹോര്‍ട്ടികോര്‍പ് പച്ചക്കറി സംഭരണം ഊര്‍ജിതമായി തുടരുകയാണ്.
പ്രതിദിനം 22 ടണ്‍വരെ ശേഖരിക്കുന്നു. രണ്ടാഴ്ച മുമ്പാണ് സംഭരണം തുടങ്ങിയത്. ഇതുവരെ സംഭരണം 250 ടണ്‍ കവിഞ്ഞു.
കഴിഞ്ഞവര്‍ഷം ഇതേസമയം 50 ടണ്ണില്‍ താഴെയായിരുന്നു. ഈ ഓണക്കാലത്ത് 800 ടണ്‍ സംഭരിക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളില്‍ പ്രതിദിന സംഭരണം 150 ടണ്ണിന് മുകളിലത്തെുമെന്ന് ഹോര്‍ട്ടികോര്‍പ് അധികൃതര്‍ അറിയിച്ചു.
കര്‍ഷകര്‍ക്ക് ഒരാഴ്ചക്ക് ശേഷമാണ് ഇപ്പോള്‍ വില നല്‍കുന്നത്. ഓണം അടുക്കുന്നതോടെ തൊട്ടടുത്ത ദിവസം തന്നെ വില കൊടുക്കണമെന്ന് കൃഷിവകുപ്പ് നിര്‍ദേശിച്ചു. ഗ്രേഡ് തിരിച്ച് വ്യത്യസ്ത വിലയ്ക്ക് എല്ലാത്തരം പച്ചക്കറിയും സംഭരിക്കുന്നുണ്ടെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പിന്‍െറ ജില്ലാ കേന്ദ്രങ്ങള്‍ വഴിയാണ് വിപണിയിലത്തെിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.