സ്വകാര്യ ബാറ്ററി യൂണിറ്റിനെ വഴിവിട്ട്​ സഹായിച്ചു, മാണിക്കെതിരെ വീണ്ടും കേസ്​

കോട്ടയം: ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡർ) ഉണ്ടാക്കുന്ന യൂണിറ്റിന് മുൻകാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയിൽ കെ.എം.മാണിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഒരു സമകാലിക മാസികയിൽ ഇത് സംബന്ധിച്ച് വന്ന ലേഖനത്തിന്റ അടിസ്ഥാനത്തിൽ പാല സ്വദേശിയായ ജോർജ് സി. കാപ്പനാണ് വിജിലൻസിന് പരാതി നൽകിയത്.

കുറിച്ചിയിലെ സൂപ്പർ പിഗ്‌മെൻസ് ഉടമ ബെന്നി ഏബ്രഹാമിന് വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലൻസ് കോട്ടയം യൂണിറ്റ് ഡി.വൈ.എസ്​.പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്​തത്​. സൂപ്പർ പിഗ്‌മെൻസ് ഉടമ ബെന്നി ഏബ്രഹാമിനെയും കേസിൽ പ്രതിചേർത്തു.

ബാറ്ററികളിലേക്ക് ആവശ്യമായ ലെഡ് പൗഡർ നിർമിക്കുന്ന യൂണിറ്റിന് 2005 വരെ നാലു ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. പിന്നീട് 2005 ൽ മൂല്യവർധിത നികുതി(വാറ്റ്) വന്നതിനു ശേഷം ഇതിന്റെ നികുതി 12.5 ശതമാനമായി ഉയർത്തി. 2012–13 വർഷം ഇതിന്റെ നികുതി 13.5 ശതമാനമായി വർധിപ്പിച്ചു. എന്നാൽ 2015 വരെ ബെന്നി ഏബ്രഹാം കൂട്ടിയ നികുതി അടയ്ക്കാൻ തയാറായില്ല. 2005 നു ശേഷം അഞ്ചുശതമാനം നികുതി മാത്രമാണ് അടച്ചുവന്നത്.  

കെ.എം.മാണി അവസാനമായി 2013–14 ൽ അവതിരിപ്പിച്ച ബജറ്റിൽ സൂപ്പർ പിഗ്‌മെന്സ് കമ്പനിക്ക് നികുതി മുൻകാല പ്രാബല്യത്തോടെ അഞ്ചു ശതമാനമാക്കി കുറച്ചു. അനധികൃതമായി നികുതിയിളവ് നൽകിയതിലൂടെ ഖജനാവിന് 1.66 കോടി രൂപ നഷ്​ടം സംഭവിച്ചിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണം നടത്തുവാൻ തീരുമാനിച്ചതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.  

സമൂഹവിവാഹം നടത്തിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ കെ.എം.മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. 2014 ഒക്ടോബറിൽ പാർട്ടി സുവർണ ജൂബിലിയോടനുബന്ധിച്ചാണ് കോട്ടയത്ത് സമൂഹവിവാഹം നടത്തിയത്. 150 വിവാഹങ്ങളാണ് നടത്തിയത്. ദമ്പതികള്‍ക്ക് അഞ്ചു പവനും ഒന്നരലക്ഷം രൂപയും നല്‍കിയിരുന്നു. ബാർക്കോഴയിൽനിന്നു ലഭിച്ച പണമാണ് സമൂഹവിവാഹത്തിന് ഉപയോഗിച്ചതെന്നാണ് ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.