സിവില്‍ സര്‍ജന്‍മാരില്ല; ആരോഗ്യവകുപ്പ് ‘പ്രതിരോധത്തില്‍’


തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനങ്ങളടക്കം ഊര്‍ജിതമാക്കാന്‍ ചുമതലപ്പെട്ട സിവില്‍ സര്‍ജന്‍മാര്‍ ആരോഗ്യവകുപ്പില്‍ ആവശ്യത്തിന് ഇല്ലാത്തത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു. രോഗികള്‍ക്ക് ആനുപാതികമായി സിവില്‍ സര്‍ജന്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മൂന്ന് അസിസ്റ്റന്‍റ് സര്‍ജന്‍മാര്‍ക്ക് ഒരു സിവില്‍ സര്‍ജന്‍ എന്ന അനുപാതം നിര്‍ബന്ധമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിലവിലത് 11:1 ആണ്. ഈ പോരായ്മ പരിഹരിക്കാന്‍ മാറിവരുന്ന സര്‍ക്കാറുകള്‍ക്ക് കഴിയാത്തതും തിരിച്ചടിയായി.

അസിസ്റ്റന്‍റ് സര്‍ജനായി സര്‍വിസില്‍ പ്രവേശിക്കുന്നയാള്‍ക്ക് യഥാസമയം സ്ഥാനക്കയറ്റം കിട്ടാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഏതാണ്ട് 14-15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അസിസ്റ്റന്‍റ് സര്‍ജന് സിവില്‍ സര്‍ജനായി ഉദ്യോഗക്കയറ്റം ലഭിക്കാറ്. പ്രതിരോധ കുത്തിവെപ്പുകള്‍, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവിത ശൈലീരോഗങ്ങള്‍ക്കെതിരെ ബോധവത്കരണം തുടങ്ങി ആരോഗ്യരംഗത്തെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടത് സിവില്‍ സര്‍ജനാണ്. ബ്ളോക്കുകള്‍ക്ക് കീഴിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വവും ഇവര്‍ക്കാണ്.

വിവിധ ജില്ലകളിലായി 58 ലധികം ബ്ളോക്കുതല ആരോഗ്യകേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലും സിവില്‍ സര്‍ജന്‍ തസ്തികയില്ല. കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍, ആര്‍.എം.ഒ എന്നിവയടക്കം 2553 അസിസ്റ്റന്‍റ് സര്‍ജന്‍ തസ്തിക നിലവിലുള്ളപ്പോള്‍ വെറും 241സിവില്‍ സര്‍ജന്‍ പോസ്റ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. അതില്‍ 40 ലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.
കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഈ തസ്തികകളില്‍ ഒഴിവുമില്ല. അതുകൊണ്ട് 14 വര്‍ഷത്തിനു ശേഷം പ്രമോഷന്‍ ലഭിച്ചാല്‍തന്നെ ശിക്ഷാനടപടി കണക്കെ വിദൂരങ്ങളില്‍ പോയി ജോലിനോക്കേണ്ട അവസ്ഥയാണ് ഈ രണ്ട് ജില്ലയിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.