ഹാനികരമായ ഭക്ഷ്യ വസ്തുക്കള്‍ക്കെതിരെ കര്‍ശന നടപടി –മുഖ്യമന്ത്രി

കൊച്ചി: വിഷാംശം കലര്‍ന്ന ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ക്കെതിരെ വരുംദിനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷാംശം കലര്‍ന്ന പച്ചക്കറിക്കെതിരെയുള്ള ബോധവത്കരണം ചലനങ്ങളുണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഫലപ്രദനീക്കങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജേന്ദ്രമൈതാനത്ത് ജനകീയ ജൈവകാര്‍ഷികമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പച്ചക്കറി ഉല്‍പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തമാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളും. ജൈവകൃഷി ചില മേഖലകളില്‍ വന്‍തോതില്‍ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തിന് ആവശ്യമുള്ളതിലേറെ പച്ചക്കറി നമുക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയുന്നുണ്ടെങ്കിലും ജീവിതശൈലീരോഗങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുന്നു. ജീവിതശൈലി നല്ലതായതുകൊണ്ടുമാത്രം രോഗം വരാതിരിക്കുമെന്ന് ഉറപ്പില്ല. കഴിക്കുന്ന ഭക്ഷണമാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, നടി റീമ കല്ലിങ്കല്‍ എന്നിവര്‍ക്ക് വാഴക്കുല നല്‍കി ഡോ. മിനി പി. മത്തായി ആദ്യവില്‍പന നിര്‍വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.