അട്ടപ്പാടിവാലി ജലസേചന പദ്ധതിക്കെതിരായ എതിര്‍പ്പ് ബാലിശം

പാലക്കാട്: വിവിധ നദീജല കരാറുകളുമായി ബന്ധപ്പെട്ട് കേരളത്തിന്‍െറ നദികളില്‍നിന്നും 53 ടി.എം.സി വെള്ളം തമിഴ്നാട് കൊണ്ടുപോകുമ്പോഴും അട്ടപ്പാടിവാലി ജലസേചന പദ്ധതിക്ക് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ എതിരുനില്‍ക്കുന്നു. പറമ്പികുളം-ആളിയാര്‍ (പി.എ.പി) കരാറുമായി ബന്ധപ്പെട്ട് 25 ടി.എം.സിയും മുല്ലപ്പെരിയാര്‍ പദ്ധതിയില്‍നിന്ന് 20 മുതല്‍ 26 ടി.എം.സിയും ശിരുവാണിയില്‍നിന്ന് 1.3 ടി.എം.സിയും വെള്ളം കേരളം തമിഴ്നാടിന് പതിറ്റാണ്ടുകളായി നല്‍കിവരുന്നുണ്ട്. കേരളത്തില്‍നിന്നുള്ള വെള്ളമാണ് തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളായ മധുര, തിരുപ്പൂര്‍, ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ കാര്‍ഷികമേഖലയെ നിലനിര്‍ത്തുന്നത്. കുടിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ ഭൂരിഭാഗവും ഇവിടെനിന്നുതന്നെ.

കാവേരി നദിയുടെ പോഷക നദികളായ പാമ്പാര്‍, ഭവാനി, കബനി നദികളുടെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയില്‍നിന്ന് ലഭിക്കുന്ന 147 ടി.എം.സി വെള്ളം കേരളത്തില്‍നിന്നുള്ളതാണ്. കാവേരിയില്‍നിന്ന് ചട്ടപ്രകാരം 93.5 ടി.എം.സി വെള്ളം കേരളത്തിന് അവകാശപ്പെട്ടതായിരുന്നുവെങ്കിലും ട്രൈബ്യൂണല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചമൂലം കേരളത്തിന്‍െറ വിഹിതം 30 ടി.എം.സിയില്‍ പരിമിതമായി. ഇതുപ്രകാരം കേരളത്തിന് അനുവദിച്ചതാണ് ഭവാനി തടത്തിലെ 2.87 ടി.എം.സി ശേഷിയുള്ള അട്ടപ്പാടിവാലി പദ്ധതി.
മഴനിഴല്‍ പ്രദേശമായ കിഴക്കന്‍ അട്ടപ്പാടിയുടെ ജലസേചനം ലക്ഷ്യമിട്ടുള്ളതും താരതമ്യേന ചെറുതുമായ പദ്ധതിയായിട്ടും തമിഴ്നാട് ഇതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്.

അതേസമയം, അന്തര്‍ സംസ്ഥാന നദീജല കരാര്‍ പാലിക്കുന്നതില്‍ തമിഴ്നാട് നിരന്തരം വീഴ്ച വരുത്തുന്നതായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്ന് ചിറ്റൂര്‍ പദ്ധതിപ്രദേശത്തേക്ക് കിട്ടേണ്ട വെള്ളം ലഭിക്കാത്തതിനാല്‍ 20,000 ഹെക്ടറിലുള്ള ഒന്നാംവിള നെല്‍കൃഷി കൊയ്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാവേരി നദീജല ട്രൈബ്യൂണലിന്‍െറ വിധി അനുസരിച്ച് കേരളത്തിന് അനുമതി ലഭിച്ച ഭവാനി തടത്തിലെ മറ്റു രണ്ട് പദ്ധതികള്‍ നടപ്പാക്കാനും തമിഴ്നാടിന്‍െറ എതിര്‍പ്പ് തടസ്സമായി. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണത്ത് വരഗാറിന് കുറുകെയും ഭവാനിപ്പുഴയില്‍ തുടുക്കിയിലും അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയാണ് ഇതുമൂലം പ്രതിസന്ധിയിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.