മോഡറേഷന്‍ നല്‍കിയാല്‍ പോലും ജയിക്കാത്ത സര്‍ക്കാര്‍ –പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മോഡറേഷന്‍ നല്‍കിയാല്‍പോലും ജയിക്കാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വി.എസ്. അച്യുതാനന്ദന്‍പോലും സര്‍ക്കാറിനെപ്പറ്റി നല്ലതുപറയാന്‍ തയാറല്ല. സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയിട്ടും ഇടത് ഘടകകക്ഷി നേതാക്കള്‍ക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുപോലും ഭരണത്തെപ്പറ്റി അഭിപ്രായമില്ല. സര്‍ക്കാറിനെപ്പറ്റി നല്ലവാക്ക് പറയാന്‍ ഇടതുമുന്നണി കണ്‍വീനര്‍ക്കുപോലും കഴിയുന്നില്ളെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

നിഷ്ക്രിയത്വത്തിന്‍െറ തടവറയിലാണ് സര്‍ക്കാര്‍. ഓരോ ഫയലും ഓരോ ജീവിതമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. നൂറുദിന ഭരണനേട്ടങ്ങളായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെല്ലാം മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയവയാണ്. 805 കോടിയുടെ അധികനികുതി അടിച്ചേല്‍പിച്ചും ഭാഗപത്രാധാര നിരക്ക് വര്‍ധിപ്പിച്ചും സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കി. പൊലീസിന്‍െറ കടിഞ്ഞാണ്‍ മുഖ്യമന്ത്രിക്ക് നഷ്ടമായി. മുഖ്യമന്ത്രി ഉറപ്പുപറഞ്ഞ തുല്യനീതി നടപ്പായില്ളെന്ന് മാത്രമല്ല സി.പി.എമ്മിനും മറ്റുള്ളവര്‍ക്കും വ്യത്യസ്ത നീതിയാണ് നടപ്പാക്കുന്നത്.വികേന്ദ്രീകരണ കാലത്ത് എല്ലാം മുഖ്യമന്ത്രിയുടെ ഓഫിസില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാത്ത സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും സര്‍ക്കാറിന് നിയന്ത്രിക്കാനാകുന്നില്ല.

ഉപദേഷ്ടാക്കളെക്കൊണ്ട് വലഞ്ഞ സര്‍ക്കാറാണിത്. സാമ്പത്തികോപദേഷ്ടാവിന്‍െറ കാര്യത്തില്‍ ധനമന്ത്രി അഭിപ്രായം പറയാത്തത് ദുരൂഹമാണ്. ഭരണപരിഷ്കാര കമീഷന്‍ രൂപവത്കരണം കഴിഞ്ഞ് ഒരുമാസമായിട്ടും സ്ഥാനം ഏറ്റെടുക്കാന്‍ വി.എസ് തയാറാകാത്തതിന് കാരണം പാര്‍ട്ടിയിലെ ഭിന്നതയാണോയെന്ന് വ്യക്തമാക്കണം.

സഹകരണബാങ്ക് വഴിയുള്ള ക്ഷേമപെന്‍ഷന്‍ വിതരണം സി.പി.എം മേളയാക്കിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് പെന്‍ഷന്‍തുക വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ വിതരണത്തിന് സഹകരണ ബാങ്കുകളെ തെരഞ്ഞെടുത്തതിന്‍െറ മാനദണ്ഡം സി.പി.എമ്മിന്‍െറ രാഷ്ട്രീയ കാര്യക്ഷമതയാണോയെന്നും അദ്ദേഹം ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.