മാധ്യമങ്ങളെ ജുഡീഷ്യറിയുടെ ലോകത്തുനിന്ന്  മാറ്റിനിര്‍ത്തുന്നത് ലജ്ജാകരം –സ്പീക്കര്‍

തിരുവനന്തപുരം: മാധ്യമസമൂഹത്തെ ജുഡീഷ്യറിയുടെ ലോകത്തുനിന്ന് മാറ്റിനിര്‍ത്തുന്നത് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ‘മാധ്യമ’ത്തിന്‍െറ 30ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ കോടതിയില്‍ കയറാനും നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനും പാടില്ളെന്നാണ് അഭിഭാഷക സമൂഹത്തിലെ ഒരു ന്യൂനപക്ഷം പറയുന്നത്. എല്ലാ ധാര്‍മിക മര്യാദകളെയും വെല്ലുവിളിച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്ന സാഹചര്യം ആര് ഇടപെട്ടാലും മാറ്റാനാകില്ളെന്നത് ഒട്ടും ആശാസ്യമല്ല. ഇതിനെയെല്ലാം ഒരുതരം നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട സ്ഥാപനമാണോ ജുഡീഷ്യറിയെന്നും സ്പീക്കര്‍ ചോദിച്ചു. ഈ നിസ്സഹായതക്ക് കാരണം ജനാധിപത്യവത്കരണത്തിന് സഹായിക്കുന്ന തുറന്ന മന$സ്ഥിതി നേടിയെടുക്കാന്‍ ജുഡീഷ്യറിക്ക് കഴിയാതെ പോയതാണ്. അതിന്‍െറ മറുവശമാണ് അഭിഭാഷക സമൂഹത്തിലെ ന്യൂനപക്ഷം കാണിക്കുന്ന അതിരുവിട്ട രീതികള്‍. ഇതു പൊതുസമൂഹം പരിശോധിക്കണം. ജനാധിപത്യ പ്രക്രിയയോട് വേണ്ടത്ര ചേര്‍ന്നുനില്‍ക്കാത്ത മേഖലയാണ് ജുഡീഷ്യറി എന്ന് പലപ്പോഴും തോന്നുകയാണ്. ജനാധിപത്യത്തെ ഏറ്റവും കൂടുതല്‍  പ്രചോദിപ്പിക്കാന്‍ ബാധ്യതപ്പെട്ട മേഖലയാണ് മാധ്യമങ്ങള്‍. എന്നാല്‍, ജനങ്ങള്‍ അത്രത്തോളം വിശ്വാസത്തിലെടുക്കുന്ന മാധ്യമങ്ങള്‍ അതേ ഗൗരവത്തോടെ പ്രശ്നങ്ങളെ സമീപിക്കുന്നുണ്ടോ എന്ന സംവാദവും ആരംഭിക്കണം. ബ്രേക്കിങ് ന്യൂസുകള്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ കൊടുക്കുന്ന വാര്‍ത്തയുടെ വിശ്വാസ്യതയിലോ തുടര്‍ച്ച നല്‍കുന്നതിലോ മാധ്യമങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ളെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. 
ബിസിനസ് മൂല്യവും ജനാധിപത്യമൂല്യവും തമ്മിലെ വൈരുധ്യം മാധ്യമലോകത്ത് ഏറ്റവും കൂടുതല്‍ ശക്തിപ്പെട്ടുവന്ന കാലഘട്ടത്തിലാണ് ‘മാധ്യമ’ത്തിന്‍െറ ജനനം. ലോകത്താകമാനം ഉയര്‍ന്നുവന്ന ഈ ഒഴുക്കിന്‍െറ കൂടെനില്‍ക്കണോ എതിരെനില്‍ക്കണോ എന്ന ചോദ്യത്തെ അഭിസംബോധനചെയ്ത് വാര്‍ത്തകളുടെ ലോകത്ത് തമസ്കരണമില്ലാതെ ജനാധിപത്യമര്യാദകള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ‘മാധ്യമ’ത്തിന് സാധിച്ചു. ആ ദിശയില്‍ മലയാള മാധ്യമ ലോകത്ത് നവീനവും മൗലികവുമായ മാതൃകയും നിലപാടുകളും സൃഷ്ടിക്കാന്‍ ‘മാധ്യമ’ത്തിന് കഴിഞ്ഞെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.