pinarayii

ദേശീയപാത വികസനം: ഭൂമിയേറ്റെടുക്കല്‍ ഒഴിവാക്കാനാവില്ളെന്ന് മുഖ്യമന്ത്രി

കൊച്ചി: ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ ഒഴിവാക്കാനാവില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പ്രധാന അജണ്ടയായിത്തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തതാണെന്നും പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് തുറന്ന മനസ്സോടെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി ബൈപാസില്‍ പാലാരിവട്ടത്ത് നിര്‍മാണം പൂര്‍ത്തിയായ മേല്‍പാലം നാടിന് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ നേരിട്ട് ചര്‍ച്ചകള്‍ക്ക് തയാറാവും. 

കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത നാല് വരിയാക്കുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വളരെ കാലമായി കേള്‍ക്കുന്ന ദേശീയപാത വികസനത്തില്‍ ചിലയിടങ്ങളിലെങ്കിലും അലൈമെന്‍റുകള്‍ പൂര്‍ണമായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ അടിയന്തര നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാവുന്ന നടപടിയാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഭൂമി വിട്ടുനല്‍കേണ്ടിവരുന്നവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍, നാടിന്‍െറ ആവശ്യത്തിനാണെന്ന ബോധ്യത്തോടെ പലരും ഭൂമി വിട്ടുതരാന്‍ തയാറാവും. ഇത്തരക്കാരെ നല്ല രീതിയില്‍ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും കഴിയണം. ഇതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. പുത്തന്‍ പശ്ചാത്തല വികസനത്തിലൂടെ ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരിസ്ഥിതിസൗഹാര്‍ദ നിര്‍മാണരീതി കൊണ്ടുവരണം. പാഴ്വസ്തുക്കളുടെ പുനരുപയോഗം, അനാവശ്യ ചെലവ് ഒഴിവാക്കല്‍, പ്രകൃതിനാശം വരുത്താത്ത വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാന പാതകള്‍, ജില്ലാതല റോഡുകള്‍ എന്നിവയും വീതി കൂട്ടി ബി.എം.ബി.സി സാങ്കേതിക വിദ്യയില്‍ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണം കഴിഞ്ഞ റോഡുകള്‍ക്ക് നിശ്ചിതകാലത്തേക്ക് കേടുപാട് സംഭവിക്കില്ളെന്ന് ഉറപ്പുവരുത്തും. ടോളുകളൊഴിവാക്കുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.