ദേശീയപാത വികസനം: സര്‍ക്കാര്‍ അയയുന്നു

തൃശൂര്‍: ദേശീയപാത വികസനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കുപോക്കുകള്‍ക്ക് ഒരുങ്ങുന്നു. സംസ്ഥാനത്തെ പാതകള്‍ ടോള്‍രഹിതമാക്കുമെന്നും നാലുവരിയില്‍ ദേശീയപാത വികസനം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  ബുധനാഴ്ച കൊച്ചിയില്‍ പറഞ്ഞത് ഇതിന്‍െറ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വി.എസ്. സര്‍ക്കാറിന്‍െറ കാലത്ത് നടന്ന രണ്ട് സര്‍വകക്ഷി യോഗങ്ങള്‍ പോലെ  ഇവ പാളിപ്പോകരുതെന്ന പ്രാര്‍ഥനയിലാണ് പാതയോരവാസികള്‍.

ഇടത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ദേശീയപാത 47, 17 എന്നിവ നാലുവരിപ്പാതയുടെ നിലവാരത്തില്‍ ശക്തിപ്പെടുത്തുകയും വീതികൂട്ടുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു.  സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ 45 മീറ്ററില്‍ റോഡ് വികസിപ്പിക്കുമെന്ന് ഉറപ്പു നല്‍കി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചര്‍ച്ചയുമായി. 45 മീറ്റര്‍ വികസനവുമായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ സമരകാഹളവുമായി പാതയോരവാസികളും മുന്നോട്ടുവന്നു. 30 മീറ്റര്‍ റോഡ് വികസനത്തിന് 30 വര്‍ഷമായി സ്ഥലം വിട്ടുകൊടുത്തിട്ടും ഒന്നും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തിനപ്പുറം കേരളത്തിന്‍െറ പശ്ചാത്തലത്തില്‍ എന്തുചെയ്യാനാവുമെന്ന കാര്യത്തിലാണ് ചര്‍ച്ച നടക്കേണ്ടതെന്നാണ് ദേശീയപാത സംരക്ഷണസമിതി പ്രവര്‍ത്തകരുടെ നിലപാട്. 

റോഡ്  45 മീറ്ററില്‍ വേണമെന്ന കേന്ദ്ര നിലപാടും കേരളത്തിന്‍െറ നാലുവരിപ്പാതയുമാണ് വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം. പാതയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസനമാണ് (റിബണ്‍ ഡെവലപ്മെന്‍റ്) കേരളത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ വിജനമായ സ്ഥലങ്ങളിലൂടെയാണ് റോഡുകള്‍ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അവിടെ ആറുവരിയില്‍ റോഡ് വികസിപ്പിക്കുന്നതിന് പ്രശ്നങ്ങളൊന്നുമില്ല. മാത്രമല്ല കേന്ദ്രസര്‍ക്കാറിന്‍െറ നിലപാട് അനുസരിച്ച് ബി.ഒ.ടി വ്യവസ്ഥയില്‍ ടോള്‍പിരിച്ചുള്ള റോഡുകളാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മിക്കുന്നത്. ടോള്‍റോഡുകള്‍ക്ക് സി.പി.എം എതിരുമാണ്. ടോളിന് പകരം സംവിധാനങ്ങള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പറഞ്ഞിരുന്നു. രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചിട്ടും റോഡ് വികസനത്തിന് ഭൂമി ലഭിക്കാതെ കാലാവധി കഴിഞ്ഞതിനാല്‍ ദേശീയപാത അതോറിറ്റി പിന്‍മാറിയിരുന്നു. അതിനിടെ റോഡ് വികസനത്തിന് പുതിയ സാധ്യതാപഠനം തുടരുകയാണ്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.