തെരുവുനായ്ക്കളെ ഏറ്റെടുക്കാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്

കൊച്ചി: അക്രമകാരികളല്ലാത്ത തെരുവുനായ്ക്കളെ ഏറ്റെടുത്തു വളര്‍ത്താന്‍ തയാറായി സ്വകാര്യ ചാരിറ്റബ്ള്‍ ട്രസ്റ്റ് രംഗത്ത്. അക്രമകാരികളെ നിയമപരമായ മാര്‍ഗങ്ങളില്‍ കൈകാര്യം ചെയ്യാമെങ്കിലും സാധാരണ തെരുവു നായ്ക്കള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാലടി നീലിശ്വരം ആസ്ഥാനമായ മിന്നാമിനുങ്ങ് ചാരിറ്റബ്ള്‍ ട്രസ്റ്റ് അവയുടെ സംരക്ഷണത്തിനായി മുന്നോട്ടു വന്നത്.
സാങ്കേതിക, സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാറോ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ തയാറായാല്‍ തന്‍െറ 50 സെന്‍റ് സ്ഥലത്ത് തെരുവുനായ്ക്കളെ ഭക്ഷണമുള്‍പ്പെടെ നല്‍കി സംരക്ഷിക്കാന്‍ തയാറാണെന്ന് ട്രസ്റ്റി പൗളിന്‍ കൊറ്റമം എറണാകുളം പ്രസ് ക്ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നായ്ക്കള്‍ക്ക് ഭക്ഷണവും വെള്ളവും മറ്റും കിട്ടാതാകുമ്പോഴാണ് അക്രമകാരികളാകുന്നതെന്ന് പൗളിന്‍ കൊറ്റമം പറഞ്ഞു. മാലിന്യക്കൂമ്പാരങ്ങളും അവയുടെ വളര്‍ച്ചക്ക് കാരണമാകുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് മാലിന്യ പ്രശ്നം സംസ്ഥാനത്ത് ഇത്രയേറെ രൂക്ഷമായത്. ഈ കാലയളവിലാണ് തെരുവുനായ് ശല്യവും രൂക്ഷമായത്. പരിസ്ഥിതി സംരക്ഷണത്തിലൂടെയും സാമൂഹിക ബോധവത്കരണത്തിലൂടെയും നായ ശല്യം പരിഹരിക്കാന്‍ കഴിയും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ട്രസ്റ്റ് നേതൃത്വം നല്‍കാന്‍ തയാറാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.