ഏക സിവില്‍കോഡ്: യഥാര്‍ഥ പ്രശ്നങ്ങളെ മറച്ചുവെക്കാന്‍- ആം ആദ്മി പാര്‍ട്ടി

  കോഴിക്കോട്: പട്ടിണിയും വികസനവും ഉള്‍പ്പെടെ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഏക സിവില്‍കോഡ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. രാജ്യത്തെ ജനങ്ങളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം വിഷയങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ദക്ഷിണമേഖലാ നിരീക്ഷകന്‍ അഡ്വ. സോംനാഥ് ഭാരതി എം.എല്‍.എ പറഞ്ഞു.

മുസ്ലിംകളെ ശുദ്ധീകരിക്കുമെന്ന പ്രസ്താവന നടത്തിയതിലൂടെ  എന്താണ് ഉദ്ദേശിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം. ഗുജറാത്ത് കലാപം നടത്തിയതുപോലുള്ള ശുദ്ധീകരണമാണോ അദ്ദേഹം ഉദ്ദേശിച്ചതെന്നും സോംനാഥ് ഭാരതി ചോദിച്ചു. ബി.ജെ.പി അധികാരത്തിലത്തെും മുമ്പ് നല്‍കിയ പ്രധാന വാഗ്ദാനങ്ങളൊന്നും നിറവേറ്റാതെ നിരാശപ്പെടുത്തുകയാണുണ്ടായത്. എല്ലാ അഴിമതിക്കാരെയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ മോദി പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസുമായി ബി.ജെ.പി ഒത്തുകളിക്കുകയാണ്.

കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ യുദ്ധം നടന്ന് നിരപരാധികള്‍ കൊല്ലപ്പെടുകയാണ്. എന്നാല്‍, ഇരുമുന്നണികള്‍ക്കും ഇടയില്‍ ഒരു നിശ്ശബ്ദ ധാരണയുണ്ട്. സാധാരണക്കാര്‍ ഈ അവസ്ഥയില്‍ നിരാശരാണെന്നും ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ ആം ആദ്മിക്കേ കഴിയൂ എന്നും ‘ആപ’് മീഡിയ കോഓഡിനേറ്റര്‍ ദീപക് ബാജ്പേയി പറഞ്ഞു.
 അല്‍ക്ക ലാംബ എം.എല്‍.എ, പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.