representative image

14 വയസ്സുകാരന് ബൈക്കോടിക്കാന്‍ നല്‍കിയ പിതാവ് അറസ്റ്റില്‍

കൊടുവള്ളി:14 വയസ്സുകാരന് ബൈക്കോടിക്കാന്‍ നല്‍കിയ പിതാവിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി പെരിയാംതോട് സ്വദേശി റഷീദിനെയാണ് കൊടുവള്ളി സി.ഐ ബിശ്വാസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.കൊടുവള്ളി മേഖലയില്‍ ബൈക്കോടിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബൈക്കുമായി പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പിഴ ഈടാക്കാറുണ്ടെങ്കിലും കുട്ടിഡ്രൈവര്‍മാര്‍ക്ക് കുറവൊന്നുമുണ്ടായില്ല.

വിദ്യാര്‍ഥികളെ ബൈക്കുമായി സ്കൂളിലേക്കയക്കുന്നത് രക്ഷിതാക്കള്‍ തന്നെയായതിനാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിന്‍െറ ഭാഗമായി സ്കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. കൊടുവള്ളി മാനിപുരം റോഡിലൂടെ ബൈക്കോടിച്ച് പോവുകയായിരുന്ന 14കാരനെ വ്യാഴാഴ്ച വൈകീട്ടാണ് പൊലീസ് സംഘം പിടികൂടിയത്. ടൗണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പിതാവ് ബൈക്കുമായി പറഞ്ഞയച്ചതാണെന്നായിരുന്നു 14കാരന്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കെ.എല്‍ 11  എക്സ് 9141 നമ്പര്‍ ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് പിതാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.