മദ്യനയം: സര്‍ക്കാര്‍ ജനഹിത പരിശോധന നടത്തണം –വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: മദ്യനയം തിരുത്തുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ജനഹിതപരിശോധന നടത്തണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച ‘വേണ്ടത് സമ്പൂര്‍ണ മദ്യനിരോധനം’ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവര്‍ജനമാണ് സമീപനമെന്ന ഇടത് സര്‍ക്കാര്‍ നിലപാട് മദ്യനിരോധമെന്ന ജനതയുടെ ചിരകാലാഭിലാഷം അട്ടിമറിക്കാനാണ്.
എല്ലാ ഒക്ടോബര്‍ രണ്ടിനും 10 ശതമാനം ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന തീരുമാനം  നടപ്പാക്കാതിരുന്നത് മദ്യലോബിയെ സഹായിക്കാനാണ്. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള നീക്കങ്ങളും നടക്കുന്നെന്ന് സംശയമുയരുന്നുണ്ട്. പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കില്ളെന്നും പുതിയ മദ്യനയം കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി നല്‍കിയ വാഗ്ദാനമായിരുന്നു.

എന്താണ് മദ്യനയത്തിന്‍െറ കാതല്‍ എന്നത് ഒളിച്ചുവെച്ചാണ് മുഖ്യമന്ത്രിയും ഇടതു നേതാക്കളും സംസാരിക്കുന്നത്. അധികാരമേറ്റ് നാലു മാസം കഴിഞ്ഞിട്ടും ഇതില്‍ വ്യക്തത വരുത്തുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് മദ്യമാഫിയകള്‍ക്ക് എന്തെങ്കിലും ഉറപ്പുകള്‍ നല്‍കിയെങ്കില്‍ അതു വ്യക്തമാക്കണം. മദ്യനിരോധ ശ്രമത്തില്‍ വെള്ളം ചേര്‍ത്താല്‍ ഗുരുതര സാമൂഹിക പ്രത്യാഘാതങ്ങളാകും ഉണ്ടാകുക. സകല ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും പ്രേരകശക്തിയായ മദ്യം വ്യാപകമാക്കിയാല്‍ അതിന്‍െറ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാറിനാവും. മദ്യവര്‍ജനമെന്നത് വെറും സാരോപദേശമാണ്. അതു ഭരണകൂടത്തിന്‍െറ ജോലിയല്ല. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച്  മദ്യനിരോധം നടപ്പാക്കുകയാണ് വേണ്ടത്. പുരോഗമനമാണ്  സര്‍ക്കാറിന്‍െറ മുഖമുദ്രയെങ്കില്‍ ജനങ്ങളുമായി സമഭാവനയോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. പാളയം ഇമാം വി.പി സുഹൈബ് മൗലവി, കേരള മദ്യനിരോധന സമിതി സെക്രട്ടറി ടി.പി.ആര്‍. നാഥ്, സ്വാമി അശ്വതി തിരുനാള്‍, കേരള മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. അലക്സാണ്ടര്‍ കുരീക്കാട്ടില്‍, അഡ്വ.കെ.പി. മുഹമ്മദ്, അല്‍ഫോണ്‍സ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, ഡി.എച്ച്.ആര്‍.എം സംസ്ഥാന കമ്മിറ്റി അംഗം സജി കൊല്ലം, എഫ്.എം. ലാസര്‍, ആര്‍. നാരായണന്‍ തമ്പി, ബാവന്‍ കുട്ടി, എച്ച്. നുസ്റത്ത്, ബ്രദര്‍ പീറ്റര്‍, ഡോ.സി.എം. നസീമ, റസാഖ് പലേരി, എന്‍.എം. അന്‍സാരി, മധു കല്ലറ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.