മഴക്കാല പ്രതിരോധ പ്രവർത്തനം: 57 ഡോക്ടർമാരുടെ വിരമിക്കൽ തീയതി നീട്ടി

തിരുവനന്തപുരം: മഴക്കാലരോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തരക്രമീകരണമൊരുക്കുന്നതിന്‍െറ ഭാഗമായി മേയ് 31ന് വിരമിക്കേണ്ട 57 ഡോക്ടര്‍മാര്‍ക്ക് വിരമിക്കല്‍ തിയതി നീട്ടി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആറു മാസത്തേക്കാണ് സര്‍വിസ് കാലയളവ് നീട്ടുന്നത്. എന്നാല്‍, പി.എസ്.സി നിയമനങ്ങളെ ഇതു ബാധിക്കില്ലെന്നും തിരുവനന്തപുരം പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ മന്ത്രി പറഞ്ഞു.

നീട്ടി നല്‍കുന്നവരില്‍  ആറുപേര്‍ അഡ്മിനിസ്ട്രേറ്റിവ് കാഡറിലുള്ളവരാണ്. മഴക്കാല പകര്‍ച്ചവ്യാധികളില്‍ ഇത്തവണ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  ഇത്തരമൊരു സാഹചര്യം നേരിടാന്‍ പരിചയ സമ്പന്നരുടെ ആവശ്യകത പരിഗണിച്ചാണ് കുറച്ച് ഡോക്ടര്‍മാരുടെ സേവന കാലയളവ് നീട്ടുന്നത്.  നിയമന സ്തംഭനം ഒഴിവാക്കുന്നതിന് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ പൂര്‍ണമായും നിയമിക്കും. ഇതിനുപുറമേ  പി.ജി പൂര്‍ത്തിയാക്കിയിറങ്ങുന്നവരെ  സംസ്ഥാനത്തിന്‍െറ ആരോഗ്യസര്‍വിസ് മേഖലയില്‍ ലഭിക്കത്തക്ക വിധം നിയമനസംവിധാനം ക്രമീകരിക്കും. പി.എസ്.സിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍  പ്രത്യേക റിക്രൂട്ട്മെന്‍റ് ബോര്‍ഡിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ നിലപാടിനെതിരെ  ഡോക്ടര്‍മാര്‍ക്കിടയില്‍തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഒരു വിഭാഗം ഡോക്ടര്‍മാരുടെ മാത്രം വിരമിക്കല്‍ തീയതി നീട്ടി നല്‍കിയത് വിവേചനമാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.  മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും താഴത്തേട്ടില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനു പകരം മേലത്തേട്ടിലുള്ള ഡോക്ടര്‍മാരുടെ വിരമിക്കല്‍ തീയതി നീട്ടിനല്‍കിയതുകൊണ്ട് എന്തുപ്രയോജനമെന്ന ആരോപണവുമുണ്ട്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.