ചെങ്ങന്നൂർ കൊലപാതകം: കാരണമായത് കുട്ടിക്കാലം മുതലുള്ള വിരോധം

ചങ്ങനാശേരി: ചെങ്ങന്നൂരിൽ അമേരിക്കന്‍ മലയാളി ജോയ് വി. ജോണിനെ മകൻ കൊലപ്പെടുത്താൻ കാരണം കുട്ടിക്കാലം മുതലുള്ള വിരോധമെന്ന്  പൊലീസ്. അച്ഛൻ കുറ്റപ്പെടുത്തിയതും അവഗണിച്ചതുമാണ് മകനെ കൊലപാതകത്തിലേക്ക് നയിച്ചത്. ഷെറിന് സ്വത്ത് നൽകില്ലെന്ന് അച്ചൻ മുമ്പ് പറഞ്ഞിരുന്നു. അച്ഛനും സഹോദരങ്ങളും അമേരിക്കയിൽ നിന്നും നാട്ടിലെത്തുമ്പോൾ ഷെറിനോട് വീട്ടിൽനിന്നും മാറിത്താമസിക്കാൻ ആവശ്യപ്പെടാറുണ്ടായിരുന്നു. ഇക്കാരണങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറാണ് വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

കൊലപാതകം ഷെറിൻ ആസൂത്രിതമായാണ് നടപ്പാക്കിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് ജോയിയുടേതായിരുന്നു. ഷെറിൻ തോക്ക് പിതാവിൻെറ പക്കൽ നിന്നു തന്നെ മോഷ്ടിച്ചെടുത്തതാണെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് വരുമ്പോൾ മുളക്കുഴ എന്ന സ്ഥലത്തുവെച്ചാണ് ജോണിനെ കൊലപ്പെടുത്തിയത്. സ്കോഡ കാറിൽവെച്ച് നാലുതവണ തലക്കുനേരെ വെടിയുതിർത്തു. അതിനുശേഷം മൃതദേഹം കത്തിക്കുന്നതിന് ചെങ്ങന്നൂരിലെ തന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടത്തിലെ ഗോഡൗണിൽവെച്ച് കത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലു കക്ഷണങ്ങളായി മുറിച്ചുമാറ്റിയ ശരീരഭാഗങ്ങൾ വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടിട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ശരീശ ഭാഗങ്ങൾ പല സ്ഥലങ്ങളിലായി പ്രതി ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഷെറിൻ
 

മൃതശരീരത്തിന്‍റെ കൂടുതൽ ഭാഗങ്ങള്‍ കോട്ടയത്ത് നിന്ന് കണ്ടെത്തിയിരുന്നു. തലയുടെ ഭാഗം കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും മറ്റ് ശരീര ഭാഗങ്ങൾ ചങ്ങനാശേരി ബൈപാസിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പമ്പാനദിയില്‍ നടത്തിയ തിരച്ചിലില്‍ കൈ കണ്ടെടുത്തിരുന്നു. ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഷെറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ബാക്കിയുള്ള ശരീര ഭാഗങ്ങൾക്കായുള്ള അന്വേഷണത്തിലാണ്.

യു.എസ് പൗരത്വമുള്ള വ്യവസായി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെയാണ് (68) മകന്‍ ഷെറിന്‍ ജോൺ ‍(36) കൊലപ്പെടുത്തിയത്. മേയ് 25 മുതല്‍ ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ജോയി ജോണിന്‍റെ ഭാര്യ മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്  കോട്ടയത്തെ ലോഡ്ജിൽ നിന്നും ഷെറിനെ പിടികൂടി. ജോയിയെ വെടിവെക്കാൻ ഉപയോഗിച്ച തോക്കും ഇവർ സഞ്ചരിച്ച ആഡംബര കാറും പൊലീസ് കണ്ടെടുത്തു.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ അജയ്നാഥ്, മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍ എന്നിവരും എട്ട് എസ്.ഐമാരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.