ജിഷ വധത്തിൽ സി.ബി.ഐ അന്വേഷണം: ഹരജികൾ ഇന്ന് പരിഗണിക്കും

കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരജികള്‍ ഇന്ന് ഹൈകോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അഭിഭാഷകയായ ടി.ബി മിനിയും നിയമവിദ്യാര്‍ഥിയായ അജേഷും നൽകിയ ഹരജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. 

കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിലെ വീഴ്ചയും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതും ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകയായ ടി.ബി മിനി അടക്കമുള്ളവര്‍ ഹൈകോടതിയെ സമീപിച്ചത്.  അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അജേഷ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി കഴിഞ്ഞ ആറാം തീയതി കോടതി പരിഗണിച്ചിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം. തുടര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്താന്‍ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജികള്‍ ഇന്ന് വീണ്ടും പരിഗണനക്ക് വരുന്നത്.

അതേസമയം കേസ് അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.