മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ പദ്ധതി –മന്ത്രി ടി.പി. രാമകൃഷ്ണന്‍


കോഴിക്കോട്: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന  മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും  ഉപഭോഗം കുറക്കാന്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ പുതിയ ബോധവത്കരണ പദ്ധതി ആവിഷ്കരിക്കുമെന്ന് എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍. മന്ത്രിയായി ആദ്യമായി  ജില്ലയിലത്തെിയ  ശേഷം   മാധ്യമം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു  ടി.പി. രാമകൃഷ്ണന്‍.
 ബിവറേജസുകള്‍ അടച്ചുപൂട്ടിയിട്ടും സംസ്ഥാനത്ത് മദ്യത്തിന്‍െറ ഉപഭോഗം കുറയുന്നതിനുപകരം കൂടുകയാണെന്നും വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നിന്‍െറ വില്‍പന വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈസ്കൂള്‍തലം മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ഥികളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ബോധവത്കരണ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെടുന്ന മാധ്യമം സമൂഹത്തില്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അത് പലപ്പോഴും പ്രശ്നപരിഹാരത്തിന്  ഭരണകൂടത്തിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു. പത്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍മേഖലയിലെ പ്രശ്നങ്ങളില്‍ പുതിയ സര്‍ക്കാര്‍ സജീവമായി ഇടപെടും. രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലും കുതിരവട്ടം മാനസിക രോഗാശുപത്രിയിലും  നേരിടുന്ന പ്രയാസങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടത്തൊന്‍ ജൂണ്‍ പത്തിന് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സ്വീകരണച്ചടങ്ങില്‍ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി എഡിറ്റര്‍മാരായ കാസിം  ഇരിക്കൂര്‍, കെ. ബാബുരാജ്, പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ്,  ട്രെയ്നിങ് ആന്‍ഡ് ഡെവലപ്മെന്‍റ് എഡിറ്റര്‍  അസൈന്‍ കാരന്തൂര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ എ.കെ. സിറാജ് അലി, സീനിയര്‍ മാനേജര്‍ കെ. അബ്ദുറഹ്മാന്‍, ന്യൂസ് എഡിറ്റര്‍ ബി.കെ. ഫസല്‍, പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്തലി, പി.ആര്‍. അസി. മാനേജര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, മുന്‍ എം.എല്‍.എ എ.കെ. പത്മനാഭന്‍  എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.