വില കുതിക്കുന്നു, കുടുംബ ബജറ്റ് തകര്‍ന്ന് സാധാരണക്കാര്‍

കോട്ടയം: സംസ്ഥാനത്ത് അവശ്യസാധന വില വീണ്ടും കുതിച്ചുയരുന്നു. നിലവില്‍ പലയിനങ്ങള്‍ക്കും 50 മുതല്‍ 100 ശതമാനം വരെയാണ് വര്‍ധന. പച്ചക്കറികള്‍ക്കും പലവ്യജ്ഞനങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും വില ഒരുനിയന്ത്രണവുമില്ലാതെ കുതിച്ചു. പച്ചക്കറികള്‍ക്കാണ് വന്‍ വിലവര്‍ധന. കേരളത്തിലേക്ക് പച്ചക്കറികളും പലവ്യജ്ഞനവും എത്തുന്ന ഇതരസംസ്ഥാനങ്ങളില്‍ ഒരിടത്തും വിലവര്‍ധനയില്ലാത്ത സാഹചര്യത്തിലാണ് ഇവിടെ ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ മറവില്‍ ഒരുന്യായീകരണവുമില്ലാതെ വ്യാപാരികള്‍ കുത്തനെ വര്‍ധിപ്പിച്ച വില തടയുന്നതില്‍ സര്‍ക്കാറും വിവിധ ഏജന്‍സികളും പരാജയപ്പെട്ടതോടെ സാധാരണക്കാരന്‍െറ കുടുംബ ബജറ്റും തകര്‍ന്നു. സപൈ്ളകോ ഒൗട്ട്ലെറ്റുകളിലും നീതി-നന്മ സ്റ്റോറുകളിലും അവശ്യസാധനങ്ങളൊന്നും ലഭ്യമല്ല. പലയിടത്തും സ്റ്റോറുകള്‍ പേരിനാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, കടുത്ത വേനലും കൃഷി ഉണങ്ങിനശിച്ചതും ഡീസല്‍ വിലവര്‍ധനയും സാധന വില വര്‍ധിപ്പിക്കാന്‍ കാരണമായതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന്‍െറ മറവില്‍ വില ഉയര്‍ത്തിയെന്ന കള്ളപ്രചാരണവും ചിലര്‍ നടത്തുന്നുണ്ട്. എന്നാല്‍, കമ്പം-തേനി മേഖലകളിലെ വ്യാപാരികള്‍ ഈ ആരോപണം നിഷേധിച്ചു. കടുത്തചൂടില്‍ പച്ചക്കറി ഉല്‍പാദനത്തില്‍ കുറവുണ്ടായെങ്കിലും വിലവര്‍ധന കാര്യമായി ഉണ്ടായിട്ടില്ളെന്നും ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും കച്ചവടക്കാര്‍ അറിയിച്ചു.

രണ്ടുരൂപ മുതല്‍ അഞ്ചുരൂപ വരെ മാത്രം വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 60-65 രൂപയാണ് പൊതുവിപണിയിലെ വില. ചെറുകിടക്കാര്‍ ഇതിലും വില കൂട്ടിയാണ് വില്‍ക്കുന്നത്. പച്ചപ്പയറിന് 80-100 രൂപവരെയും വെണ്ടക്കാക്ക് 90 രൂപയുമാണ് വില. നേരത്തേ 30-40 രൂപയുണ്ടായിരുന്ന ഈ ഇനങ്ങള്‍ക്ക് വില കുത്തനെ വര്‍ധിപ്പിച്ചത് ഒരുമാനദണ്ഡവും ഇല്ലാതെയാണ്. പച്ചമുളകിന് 140 രൂപയും ചിലയിടങ്ങളില്‍ 100 ഗ്രാമിന് 15-17 രൂപവരെയും വാങ്ങുന്നു. വെള്ളരിക്ക 30 രൂപയും കടച്ചക്ക 80-100 രൂപയുമാണ് കിലോക്ക് വില.

കാരറ്റിന് 40 രൂപയും മുരിങ്ങക്കാക്ക് 80-85 രൂപയും ചേനക്കും കിഴങ്ങുവര്‍ഗങ്ങള്‍ക്കും 50 ശതമാനം വരെയും വില വര്‍ധിപ്പിച്ചു. അരി വിലയും മൂന്നുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിച്ചു. ഉഴുന്നിന് 140ല്‍നിന്ന് 152 രൂപയായും പരിപ്പിനും തുവരപ്പരിപ്പിനും 16-17 രൂപ വരെയും കിലോക്ക് വര്‍ധിച്ചു. തുവരപ്പരിപ്പിന് 134ല്‍നിന്ന് 160 രൂപയായും മുളകിന് 170 രൂപയായും വില ഉയര്‍ന്നു. വീര്യംകൂടിയ പിരിയന്‍ മുളകിന് 200 രൂപ വരെയാണ് വില. മല്ലിക്കും ചെറുപയറിനും 15 രൂപയുടെ വര്‍ധനയുണ്ട്. കടല 85-90 രൂപയും വന്‍പയറിന് 75 രൂപയും കടുകിന് 100-110 രൂപയും ജീരകത്തിന് 180-200 രൂപയുമാണ് നിലവിലെ വില.

ഉള്ളിക്കും സവാളക്കും മാത്രമാണ് കാര്യമായ വില വര്‍ധിക്കാത്തത്. അതേസമയം, ഇപ്പോഴത്തെ വിലവര്‍ധന കൃത്രിമമാണെന്നും പൊതുവിപണിയില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നും സിവില്‍ സപൈ്ളസ് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ നടപടിയുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയാണ് പെട്ടെന്നുള്ള ഇടപെടലിന് തടസ്സം. പുതിയ മന്ത്രിസഭ ചുമതലയേറ്റശേഷം അടിയന്തര തീരുമാനം എടുക്കുമെന്നും സപൈ്ളകോ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തിലുള്ള സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കൃത്യമായി സാധനങ്ങള്‍ എത്തിക്കുന്നതില്‍ തലപ്പത്തുള്ളവര്‍ ഗുരുതരവീഴ്ച വരുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഇടതു മന്ത്രിസഭയുടെ ആദ്യയോഗം പ്രധാനമായി ചര്‍ച്ചചെയ്യുക വിലക്കയറ്റമാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. കുത്തഴിഞ്ഞ സപൈ്ളകോയെ കാര്യക്ഷമമാക്കാനും നടപടിയുണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.