അതിദി വധക്കേസ്: പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട്

കോഴിക്കോട്: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച് ഏഴു വയസ്സുകാരിയെ കൊന്നുവെന്ന കേസില്‍ പ്രതികൾ ഹാജരായില്ല. ഇതിനെ തുടർന്ന് പ്രതികളായ  തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കും ഭാര്യ ദേവികക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവർ പിന്നീട് നാടകീയമായി പൊലീസിന്‍റെ പിടിയിലായി. കേസിന്‍റെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.ശങ്കരന്‍ നായര്‍ മുമ്പാകെ തിങ്കളാഴ്ച സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ഇവരെ കാണാതായത്. തുടർന്ന് വിസ്താരം ജൂൺ 13ലേക്ക് മാറ്റിവെക്കുകയും പ്രതികളെ പിടികൂടാൻ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പ്രതികൾ ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയും ഇവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുണ്ടെന്ന് മനസിലാക്കുകയും പിടികൂടുകയുമായിരുന്നു.

സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിദിയെയാണ് 2013 ഏപ്രില്‍ 29ന് പീഡിപ്പിച്ച്  കൊന്നത്.  ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ഇതേ സ്കൂളില്‍ പഠിക്കുന്ന അരുണാണ് കേസില്‍ ഒന്നാം സാക്ഷി. മൊത്തം 45 സാക്ഷികളാണ് കേസിലുള്ളത്. അരുണും അതിദിയും പിതാവിനും രണ്ടാനമ്മ റംല ബീഗം എന്ന ദേവികക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പട്ടിണിക്കിട്ട് അവശയായ പെണ്‍കുട്ടിയുടെ അരക്കുതാഴെ പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലത്തെിക്കുകയായിരുന്നു.

സുബ്രഹ്മണ്യന്‍െറ ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളാണ് അതിദി. ഇവര്‍ തിരുവമ്പാടിയില്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടാം വിവാഹം.

 

Related Story
ഏഴുവയസ്സുകാരിയെ മര്‍ദിച്ചു കൊന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.