വേനല്‍മഴ കനത്തു; ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരങ്ങള്‍

തിരുവനന്തപുരം: വേനല്‍മഴ കനത്തതോടെ ജില്ലയില്‍ വ്യാപക നാശം. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറിയത് തീരമേഖലയിലടക്കം ജനജീവിതത്തെ ബാധിച്ചു.
അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. കടയ്ക്കാവൂര്‍ തൂക്കുപാലം ചമ്പാവ് പള്ളിക്ക് സമീപം ചാന്നാന്‍വിളാകം വീട്ടില്‍ വര്‍ക്കിയെയാണ് (49) കാണാതായത്. മത്സ്യബന്ധനത്തിനു പോയി തിരികെ വരവെയാണ് സംഭവം. വള്ളത്തിലുണ്ടായിരുന്ന യേശുദാസന്‍, വിന്‍സെന്‍റ് എന്നിവര്‍ രക്ഷപ്പെട്ടു.

കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ആയിരക്കണക്കിനുപേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി.  ജില്ലയില്‍ ഇതുവരെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍  തുറന്നിട്ടുണ്ട്. മഴയുടെ തോത് കുറഞ്ഞില്ളെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവരുമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

മരുന്ന്, ഭക്ഷണം ഉള്‍പ്പെടെ ലഭ്യമാക്കാന്‍ അതത് തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. ആറുകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ വ്യാഴാഴ്ചതന്നെ ബന്ധുവീടുകളിലും മറ്റും അഭയം തേടി. ചെറിയതുറ, വലിയതുറ, കോവളം എന്നിവിടങ്ങളിലുണ്ടായ ശക്തമായ കടലാക്രമണത്തെതുടര്‍ന്ന് 200ഓളം വീടുകള്‍ തകര്‍ന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ആന്ധ്ര തീരത്തേക്ക് നീങ്ങിയതോടെ രണ്ടുദിവസമായി കനത്തമഴയാണ് സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്നത്.
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.