വി.എസ് കേരളത്തിന്‍െറ ഫിദല്‍ കാസ്ട്രോ -യെച്ചൂരി

തിരുവന്തപുരം: കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്‍െറ ഫിദല്‍ കാസ്ട്രോയാണ് വി.എസ്. അച്യുതാനന്ദനെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ പ്രസ്ഥാനത്തിന് വരും നാളുകളിലും വി.എസ് വഴികാട്ടുകയും ഉപദേശം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ സി.പി.എം നിയമസഭാ കക്ഷി നേതാവായി തീരുമാനിച്ചത് പ്രഖ്യാപിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വി.എസിനെ ഇരുത്തിയായിരുന്നു യെച്ചൂരിയുടെ പ്രശംസാ വാചകങ്ങള്‍.

വി.എസിന് മറ്റു പദവികള്‍ നല്‍കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ ഒന്നും ആലോചിച്ചിട്ടില്ലെന്ന് യെച്ചൂരി മറുപടി നൽകി. പിണറായിയെ  മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും  എടുത്തശേഷമാണ് വെള്ളിയാഴ്ച വൈകിട്ട്  എ.കെ.ജി സെന്‍ററില്‍ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചത്.

മൈക്കിന് മുന്നില്‍ ആദ്യം ഇട്ടിരുന്ന ഒരു കസേരക്ക് ഒപ്പം രണ്ട് കസേരകള്‍ കൂടി ജീവനക്കാര്‍ പിടിച്ചിട്ടു.  യെച്ചൂരിക്ക് വലത്ത് വി.എസും ഇടത്ത് കോടിയേരിയും. ഫിദല്‍ കാസ്ട്രോയോട് ഉപമിക്കുകയും തന്‍െറ പ്രായാധിക്യവും ആരോഗ്യവും ഊന്നിപറഞ്ഞ്  പിണറായിയാവും മുഖ്യമന്ത്രിയെന്ന് യെച്ചൂരി മാധ്യമങ്ങളോട് വിശദീകരിക്കുമ്പോഴും വി.എസ് എല്ലാം വീക്ഷിച്ച്  ഇരുന്നതേയുള്ളൂ. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് എ.കെ.ജി സെൻറിൽ നിന്നും ഇറങ്ങിയ വി.എസിനെ താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ വരെ ഒപ്പം അനുഗമിച്ച യെച്ചൂരി കൈകൊടുത്ത് യാത്ര അയച്ച ശേഷമാണ് അകത്തേക്ക് മടങ്ങിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.