തിരുവനന്തപുരം: അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നടപടിക്കെതിരെ ബാങ്കിങ് മേഖലയില്‍ പ്രതിഷേധം ശക്തം. തീരുമാനം പിന്‍വലിക്കണമെന്ന് എസ്.ബി.ടി എംപ്ളോയീസ് യൂനിയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് വെള്ളിയാഴ്ച അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കും.
പണിമുടക്കില്‍ എസ്.ബി.ടിക്ക് പുറമേ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ 45000 ത്തില്‍പരം ജീവനക്കാര്‍ പങ്കെടുക്കും. സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ -എ.ഐ.ബി.ഇ.എ ആഹ്വാനപ്രകാരമാണ്പണിമുടക്ക്. ഏകാധിപത്യരീതിയില്‍ അസോസിയേറ്റ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകളിലെ ഭൂരിപക്ഷം ഉപയോഗിച്ച് ലയിപ്പിക്കാനുള്ള തീരുമാനം എസ്.ബി.ഐ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് എസ്.ബി.ടി എംപ്ളോയീസ് യൂനിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായ എസ്.ബി.ടി ഏഴ് പതിറ്റാണ്ടായി വിപുലമായ ജനകീയ ബാങ്കിങ്് സേവനങ്ങളാണ് നല്‍കുന്നത്. രാജ്യവ്യാപകമായി 1200 ഓളം ശാഖകളും ഒന്നര ലക്ഷം കോടി രൂപയിലധികം ബിസിനസും എസ്.ബി.ടിക്കുണ്ട്. സംസ്ഥാനത്തെ ബാങ്കിങ് ഇടപാടുകളുടെ നാലിലൊന്നുഭാഗം എസ്.ബി.ടി കൈകാര്യം ചെയ്യുന്നു. ഏറ്റവും കൂടുതല്‍ കൃഷി-ചെറുകിട വ്യവസായ-വാണിജ്യ-വിദ്യാഭ്യാസ വായ്പകള്‍ നല്‍കിയതും എസ്.ബി.ടി.യാണ്.
ശക്തമായ ജനകീയാടിത്തറയിലും മെച്ചപ്പെട്ട ധനസ്ഥിതിയിലും പ്രവര്‍ത്തിക്കുന്ന അസോസിയേറ്റ് ബാങ്കുകളെ ലയനത്തിലൂടെ ഇല്ലാതാക്കുന്ന നയം യുക്തിരഹിതവും ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ലയനം നടന്നാല്‍ ഒട്ടേറെ ശാഖകള്‍ അടച്ചുപൂട്ടുകയും കേരളത്തിന്‍െറ വികസനലക്ഷ്യങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാവുകയും ചെയ്യും. ലയനനീക്കത്തിനെതിരെ ജനകീയപ്രതിഷേധം ഉയരേണ്ടതുണ്ട്. എംപ്ളോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ, അനിയന്‍ മാത്യു, കെ. മുരളീധരന്‍ പിള്ള, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.