'എൽ.ഡി.എഫിന്‍റെ വിജയത്തിന് മാറ്റ് കുറക്കാൻ യു.ഡി.എഫ്-ബി.ജെ.പി ശ്രമം'

തിരുവനന്തപുരം: എൽ.ഡി.എഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തിൽ അതിന്‍റെ മാറ്റ് കുറക്കാനും ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങൾ നടക്കുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. യു.ഡി.എഫും ബി.ജെ.പിയുമാണ് ഇതിനുപിന്നിൽ. വടകരയിൽ നടന്നത് രാഷ്ട്രീയ നാടകമായിരുന്നു. സ്ഥാനാർഥി ആക്രമിക്കപ്പെട്ടു എന്ന് കള്ളക്കഥ പരത്താൻ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

യു.ഡി.എഫ്-എൻ.ഡി.എ നീക്കുപോക്ക് നേരത്തെ നിലവിലുണ്ട്. അവസാന നിമിഷം ചില മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുണ്ടെന്നും പിണറായി കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
എൽ.ഡി.എഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തിൽ അതിൻറെ മാറ്റ് കുറയ്ക്കാനും ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങൾ യു ഡി എഫും ബിജെപിയും നടത്തുകയാണ്.
സംസ്ഥാനത്താകെ വൻ തോതിൽ പണവും മദ്യവും ഒഴുക്കുന്നതിനു പുറമേ വ്യാജ നോട്ടീസുകൾ പ്രചരിപ്പിക്കുന്നു. വടകരയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകം അതിന്റെ മറ്റൊരു പതിപ്പാണ്. വോട്ടു ചോദിക്കാൻ ചെന്ന് വീട്ടുകാരോട് മോശമായി പ്രതികരിച്ചു മടങ്ങിയ സ്ഥാനാർഥി ആക്രമിക്കപ്പെട്ടു എന്ന് കള്ളക്കഥ പരത്താൻ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായി. അപഹാസ്യമായ ഇത്തരം രീതികളിൽ നിന്ന് യു ഡി എഫിന്റെ പരാജയ ഭീതി എത്രയാണ് എന്ന് മനസ്സിലാക്കാം.
ഇത്തരം നീക്കങ്ങൾ അവസാന നിമിഷം വരെ പ്രതീക്ഷിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണം. ഒരു നിമിഷം പോലും പാഴാക്കാതെ, അനുകൂലമായ മുഴുവൻ വോട്ടുകളും ഒരു തടസ്സവുമില്ലാതെ ബൂത്തിൽ എത്തും എന്ന് ഉറപ്പാക്കണം.
യു ഡി എഫ് - എൻ ഡി എ നീക്കുപോക്ക് നേരത്തെ നിലവിലുണ്ട്. അവസാന നിമിഷം ചില മണ്ഡലങ്ങൾ തെരഞ്ഞെടുത്തു കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുമുണ്ട്. അത്തരം നീക്കങ്ങൾ മറികടക്കുന്നതും എൽ ഡി എഫിന് വലിയ മുൻ തൂക്കം ഉള്ളതുമാണ് കേരളത്തിന്റെ ജനവികാരം. അത് പൂർണ്ണ തോതിൽ പ്രതിഫലിപ്പിക്കാൻ നമ്മുടെയാകെ പങ്കാളിത്തം അനിവാര്യമാണ്. അതിനായി ജാഗരൂകരായി, കര്മ്മ നിരതരായി രംഗത്തിറങ്ങാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.