പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അയല്‍വാസി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഴുകില്‍ കടിപ്പിച്ച് ഇയാളുടെ പല്ലുകളുടെ പ്രതിരൂപം എടുത്തു. ജിഷയുടെ മുതുകില്‍ കടിയേറ്റ അടയാളവുമായി ഇതിന് സാമ്യമുണ്ടോയെന്ന് പരിശോധിക്കാനാണിത്. നിലവില്‍ കസ്റ്റഡിയിലുള്ളവരടക്കം നിരവധി പേരുടെ പല്ലുകളുടെ പ്രതിരൂപം ഇപ്രകാരം വ്യാഴാഴ്ച പൊലീസ് ശേഖരിച്ചു.
മുന്‍നിര പല്ലുകള്‍ക്ക് വിടവുള്ളയാളാണ് ഘാതകനെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. മുതുകിലേറ്റ കടിയടയാളം പരിശോധിച്ചാണിത്.
ഇതേ തുടര്‍ന്ന് മുന്‍നിര പല്ലുകളില്‍ വിടവുള്ള, കേസില്‍ സംശയിക്കുന്നവരുടെ പല്ലുകളുടെ പ്രതിരൂപമാണ് പൊലീസ് ശേഖരിച്ചത്. സാബുവിന്‍െറ മുന്‍നിര പല്ലില്‍ നേരിയ വിടവുണ്ട്.
സാബുവിനെ ശരിയാംവണ്ണം ചോദ്യം ചെയ്താല്‍ സത്യം വെളിച്ചത്താവുമെന്ന് അമ്മ രാജേശ്വരി മൊഴി നല്‍കിയിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
അതേസമയം ഘാതകനെ കുറിച്ച് ഏതാണ്ട് ചിത്രം ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജിഷയെയും കുടുംബത്തെയും അടുത്തറിയുന്ന ആളാണ് ഇത് ചെയ്തതെന്ന് വ്യക്തമാണ്. ജിഷയോട് കടുത്ത വൈരാഗ്യം ഘാതകനുണ്ടായിരുന്നു. കൊലചെയ്ത രീതി പരിശോധിച്ച വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണീ നിഗമനം.
എന്തിനുവേണ്ടിയാണ് കൊല ചെയ്തത് എന്നതിലേക്കാണ് പൊലീസ് നീങ്ങുന്നത്. സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധന, ഫലവും സജ്ജമായി. പ്രതിയെന്ന് സംശയിക്കുന്ന ആളിലേക്ക് ഏതാനും ചുവടുകളേ ഉള്ളൂ എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അതേസമയം, പരിസരവാസികളുടെ വിരലടയാളം ശേഖരിക്കല്‍ വ്യാഴാഴ്ചയും തുടര്‍ന്നു. ഇതിനകം 400 ഓളം പേരുടെ വിരലടയാളം ശേഖരിച്ചു. ഈ പ്രക്രിയ വെള്ളിയാഴ്ചയും തുടരും. അതിനിടെ നേരത്തേ കസ്റ്റഡിയിലെടുത്ത നിര്‍മാണത്തൊഴിലാളിയായ ഇതര സംസ്ഥാനക്കാരന്‍ ഉള്‍പ്പെടെയുള്ള ചിലരെ ഇനിയും വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.