കള്ളവോട്ട്: കെ. സുധാകരന്‍റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി സ്വീകരിച്ചില്ല.  ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പു കമീഷനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കമീഷനെ സമീപിക്കാമെന്നും വ്യക്തമാക്കി.  

ഉദുമയില്‍ 56 ബൂത്തുകളില്‍ കള്ളവോട്ടിന് സാധ്യതയുണ്ടെന്നും യു.ഡി.എഫ് ബൂത്ത് ഏജന്‍റുമാര്‍ക്കുപോലും ഭീഷണിയുണ്ടെന്നുമായിരുന്നു ഹരജിയിലെ പരാതി. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്  തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈകോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.   ഇതു സംബന്ധിച്ച ഹരജി ഹൈകോടതി തീര്‍പ്പാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചതെന്തിനാണെന്നും ബെഞ്ച് ആരാഞ്ഞു.  

തെരഞ്ഞെടുപ്പ് കമീഷന് കോടതി നിര്‍ദേശം നല്‍കണമെന്ന് സുധാകരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി വാദിച്ചെങ്കിലും  കമീഷനെ ആര്‍ക്കും സമീപിക്കാമെന്നും അതിനു കോടതി നിര്‍ദേശം വേണ്ടതില്ളെന്നും ബെഞ്ച് വ്യക്തമാക്കി. അതിനിടെ  കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകളില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനു ആവശ്യമായ  നടപടികള്‍  സ്വീകരിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്‍റംഗം മുല്ലപ്പള്ളി രാമചന്ദ്രന്‍െറ നിവേദനത്തിനു തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി നല്‍കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.