വോട്ടിങ് യന്ത്രത്തില്‍ യു.സി. രാമന്‍റെ പേര് തെറ്റായി ചേർത്തു; പ്രതിഷേധവുമായി യു.ഡി.എഫ്

കോഴിക്കോട്: ബാലുശ്ശേരിമണ്ഡലം വോട്ടുയന്ത്രം കമീഷനിങ്ങിനിടെ സംഘര്‍ഷവും ഉപരോധവും. അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബാലറ്റ് ഷീറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി യു.സി. രാമന്‍െറ പേര് യു.സി. രാമന്‍ പടനിലം എന്നാക്കിയത് സംബന്ധിച്ചായിരുന്നു പരാതി. എന്നാല്‍, യു.സി. രാമന്‍ പടനിലം എന്ന പേരുതന്നെ വോട്ടുയന്ത്രത്തില്‍ തുടരുമെന്ന് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. വരണാധികാരി അംഗീകരിച്ച പേരാണിത്. മണ്ഡലത്തില്‍ രണ്ടു യു.സി. രാമന്മാരുള്ള സാഹചര്യത്തിലാണിതെന്നും റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു. ഇതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ റിട്ടേണിങ് ഓഫിസറെ തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയായിരുന്നു.

ഇതിനിടെ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടിയുടെ ചിരിക്കുന്നമുഖമാണ് ബാലറ്റ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്ഷേപമുന്നയിച്ചു. ഭാവഭേദങ്ങളില്ലാത്ത ഫോട്ടോകളാണ് വേണ്ടതെന്ന് നേരത്തേ അറിയിച്ചിരുന്നതെന്നും ഇത് പ്രകാരമുള്ള ഫോട്ടോകളാണ് തങ്ങള്‍ നല്‍കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഫോട്ടോ സംബന്ധിച്ച പരാതി അംഗീകരിച്ച റിട്ടേണിങ് ഓഫിസര്‍, പുരുഷന്‍ കടലുണ്ടിയുടെ ഫോട്ടോ മാറ്റിവെക്കുമെന്നും അറിയിച്ചു. ഇതത്തേുടര്‍ന്ന്, വ്യാഴാഴ്ചത്തെ മണ്ഡലത്തിലെ വോട്ടുയന്ത്രം കമീഷനിങ് നിര്‍ത്തിവെച്ചു. ബാലറ്റ് ഷീറ്റില്‍ പുതിയ ഫോട്ടോവെച്ച് കമീഷനിങ് വെള്ളിയാഴ്ച തുടരും. യു.സി. രാമന്‍െറ പേരുമാറ്റം സംബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വീണ്ടും ആക്ഷേപമുന്നയിച്ചെങ്കിലും റിട്ടേണിങ് ഓഫിസര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ എത്തി അവിടെയും പ്രതിഷേധിച്ചു.

ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. പ്രശ്നം സംബന്ധിച്ച് ഇലക്ഷന്‍ കമീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതായി യു.സി. രാമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എല്‍.ഡി.എഫിന് അനൂകലമായി ചില ഉദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നുവെന്നും പേര് മാറ്റുന്നത് നേരത്തേ അറിയിച്ചിരുന്നില്ളെന്നും ആരോപിച്ചു.

എന്നാല്‍, മേയ് രണ്ടിനുതന്നെ ബാലറ്റ് ഷീറ്റിന്‍െറ മാതൃക നോട്ടീസ് ബോര്‍ഡിലും തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കുകയും പരാതി ഉന്നയിക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നതായി ബാലുശ്ശേരിമണ്ഡലം റിട്ടേണിങ് ഓഫിസര്‍ കെ.ഹിമ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.