തെരഞ്ഞെടുപ്പ് ബഹിഷ്കരണവും സായുധപോരാട്ടവും ആവശ്യപ്പെട്ട് മാവോവാദികള്‍

കല്‍പറ്റ: പൊലീസുമായി വെടിവെപ്പ് നടന്നതടക്കമുള്ള സംഭവങ്ങളില്‍ നേതാക്കള്‍ ജയിലില്‍ കഴിയുമ്പോഴും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും സായുധപോരാട്ടം ശക്തിപ്പെടുത്തുമെന്നുമടക്കമുള്ള ഭീഷണിയുമായി മാവോവാദികള്‍. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റിയാണ് പുതിയ ആഹ്വാനവുമായി രംഗത്തുവന്നത്. ‘വര്‍ഗസമരം’ എന്നപേരില്‍ പുതിയ രാഷ്ട്രീയ ത്രൈമാസികയുടെ 2016 ഏപ്രിലിലെ ആദ്യ ലക്കവും പുറത്തിറങ്ങി. ശക്തമായ പൊലീസ് നിരീക്ഷണം തുടരുമ്പോഴാണ് തെരഞ്ഞെടുപ്പിന് ഏഴുദിവസം മാത്രം ബാക്കിയിരിക്കെ മാവോവാദികള്‍ വീണ്ടും രംഗത്തുവന്നത്. തീര്‍ത്തും രഹസ്യമായാണ് ഇടപെടലുകള്‍. വയനാട്ടിലെ മാനന്തവാടി കോറോത്ത് ‘പോരാട്ടം’ സംഘടനയുടെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തന നിരോധനിയമം (യു.എ.പി.എ) പ്രകാരമാണ് കേസെടുത്തത്. അമ്പുകുത്തി കൂപ്പില്‍ ചാത്തു (62), തിരുനെല്ലി മല്ലികപ്പാറ കോളനിയിലെ ഗൗരി (27) എന്നിവര്‍ ജയിലിലുമാണ്. ഇതിനിടയിലാണ് മാവോവാദികളും സമാനരീതിയില്‍ രംഗപ്രവേശം ചെയ്തത്. മാവോവാദി നേതാക്കളായ രൂപേഷ്, ഭാര്യ ഷൈന, അനൂപ്, കണ്ണന്‍, സി.പി. ഇസ്മായില്‍ എന്നിവര്‍ വയനാട്ടിലടക്കമുള്ള വിവിധ കേസുകളിലെ പ്രധാന പ്രതികളാണ്. വെള്ളമുണ്ട, തിരുനെല്ലി, തലപ്പുഴ, പടിഞ്ഞാറത്തറ, മേപ്പാടി സ്റ്റേഷനുകളിലായി 18 കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. തൊണ്ടര്‍നാട് കുഞ്ഞോം ചാപ്പ കോളനിയില്‍ പൊലീസുമായുണ്ടായ വെടിവെപ്പ്, വനംവകുപ്പ് ഓഫിസ് ആക്രമണം, തിരുനെല്ലിയിലെ റിസോര്‍ട്ട് ആക്രമണം, വെള്ളമുണ്ടയിലെ പൊലീസുകാരന്‍െറ ബൈക്ക് കത്തിക്കല്‍ എന്നിവയാണ് പ്രധാനം. ബൈക്ക് കത്തിച്ച കേസ് ഇതിനകം സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് 2015 മേയ് നാലിനാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരിപ്പോള്‍ കോയമ്പത്തൂര്‍ ജയിലിലാണ്.
സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരില്‍ ഇറക്കിയ പുതിയ ലഘുലേഖയിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും സായുധപോരാട്ടത്തിന് തയാറാകണമെന്നും പറയുന്നത്. ‘സാമ്രാജ്യത്വ ശക്തികളുടെയും ഭൂപ്രഭുക്കളുടെയും കോര്‍പറേറ്റുകളുടെയും ദല്ലാളന്മാരായ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളുമാണെല്ലാം. ഇവര്‍ക്കിടയില്‍നിന്ന് ആരു ജയിച്ചാലും അത് ജനങ്ങളുടെ വിജയമായിരിക്കില്ല’.... ‘രാജ്യത്തിനും ജനങ്ങള്‍ക്കും വിമോചിതമാകാനുള്ള മാര്‍ഗം ബൂര്‍ഷ്വാ തെരഞ്ഞെടുപ്പുകളല്ല, വിപ്ളവ ജനകീയ യുദ്ധമാണ്’ എന്നു പറഞ്ഞാണ് ലഘുലേഖ അവസാനിക്കുന്നത്. ‘വര്‍ഗസമരം’ എന്ന പേരിലുള്ള സി.പി.ഐ (മാവോയിസ്റ്റ്)ന്‍െറ പുതിയ രാഷ്ട്രീയ ത്രൈമാസികയുടെ ആദ്യലക്കത്തിന് 60 പേജാണുള്ളത്. ഒരു പുരോഗമന കൂട്ടായ്മ പ്രസിദ്ധീകരണം എന്ന് പുറംചട്ടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ട മേഖലാ സമിതിയുടെ വക്താവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോബി ആണ് ‘മാവോയിസ്റ്റ് ഇടപെടലിന്‍െറ ഒരുവര്‍ഷം’ എന്ന പേരിലുള്ള ആദ്യ ലേഖനം എഴുതിയത്. വയനാട്ടിലടക്കം മാവോവാദികള്‍ നടത്തിയ സായുധ പോരാട്ടത്തിന്‍െറ കാര്യങ്ങളും സംഘടനയുടെ പുതിയ പ്രവര്‍ത്തനരീതികളും മാസികയില്‍ വിശദമായുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT