മിക്കിമൗസും ആംഗ്രി ബേഡ്സും എത്തി; സ്കൂള്‍ വിപണിയില്‍ തിരക്കിന്‍െറ നാളുകള്‍

കോഴിക്കോട്: മുതിര്‍ന്നവര്‍ അന്തരീക്ഷത്തിലെ ചൂടിനെയും തെരഞ്ഞെടുപ്പുചൂടിനെയുംകുറിച്ച് വാചാലമാകുമ്പോള്‍ നാട്ടിലെ സ്കൂള്‍കുട്ടികളും ചൂടേറിയ കാര്യങ്ങളുടെ പിറകെയാണ്.  ജൂണ്‍ ഒന്നിന് പുതിയ ക്ളാസ് തുറക്കുമ്പോഴേക്കും  ഒരുക്കേണ്ട പഠനോപകരണങ്ങളെക്കുറിച്ചാണ് കുട്ടികളുടെ ചിന്ത മുഴുവന്‍. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളും വിപണിയിലെ പുത്തന്‍തരംഗങ്ങളും കൂട്ടിയിണക്കിയ പഠനോപകരണങ്ങളുമായി നഗരങ്ങളില്‍ സ്കൂള്‍ മാര്‍ക്കറ്റ് സജീവമായി.
കോഴിക്കോട് സിറ്റി പൊലീസ് എംപ്ളോയീസ് സഹകരണ സംഘം, സ്കൂള്‍ ടീച്ചേഴ്സ് കോഓപ് സൊസൈറ്റി  തുടങ്ങി വിവിധ സഹകരണ സംഘങ്ങള്‍ നടത്തുന്ന സ്കൂള്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറി. ത്രിവേണി സ്കൂള്‍ മാര്‍ക്കറ്റും വിലക്കുറവുമായി രംഗത്തുണ്ട്. ആകര്‍ഷകമായ ബാഗുകളാണ് വിപണിയില്‍. വിവിധ കമ്പനികളുടെ സ്കൂള്‍ബാഗുകള്‍ക്ക് 299 മുതല്‍ 1500 രൂപവരെയാണ് വില. വര്‍ണവൈവിധ്യത്തോടൊപ്പം ഗുണമേന്മ ഉറപ്പാക്കുന്ന ബ്രാന്‍ഡുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ബാഗുകള്‍ക്ക് എം.ആര്‍.പി വിലയില്‍ 200 രൂപവരെ കിഴിവും ചിലര്‍ ലഭ്യമാക്കുന്നു. പ്രാദേശിക ചെറുകിട ബാഗ് നിര്‍മാണ യൂനിറ്റുകളും സജീവമായുണ്ട്.
കുടയില്‍ താരം വര്‍ണങ്ങളും പ്രിന്‍റുകളുമുള്ളവയാണ്. കുട്ടികളുടെ കുടകള്‍ക്ക് 140 മുതല്‍ 185 രൂപ വരെ നല്‍കണം. കുട്ടിക്കുടകളുടെ ഹാന്‍ഡിലുകളിലാണ് കൗതുകരൂപങ്ങളുള്ളത്.  കുടുംബശ്രീ പ്രവര്‍ത്തകരുടെ മാരി ബ്രാന്‍ഡ് കുടയും വിപണിയിലുണ്ട്. 278 രൂപയാണ് വില.
നോട്ട്ബുക്കുകള്‍ ആറു രൂപ മുതല്‍ 10 രൂപവരെ വിലക്കുറവില്‍ സഹകരണ സംഘങ്ങളില്‍ കിട്ടും. 25 മുതല്‍ 120 രൂപ വരെ കൊടുത്താല്‍ ഉള്ളില്‍ അദ്ഭുതമൊളിപ്പിച്ചുവെച്ച പെന്‍സില്‍പെട്ടികള്‍ വാങ്ങാം.  ബ്രാന്‍ഡഡ് വെള്ളക്കുപ്പി 68 രൂപക്കും 42 രൂപക്കും ലഭിക്കും.
 പിങ്ക്, മഞ്ഞ, നീല, ചുവപ്പ് തുടങ്ങിയ നിറങ്ങളാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. ആണ്‍കുട്ടികള്‍ നീല, കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങള്‍ തേടിയാണത്തെുന്നത്. യു.പി വരെയുള്ള കുട്ടികളുടെ ബാഗുകളിലും പെന്‍സില്‍ബോക്സിലും കുടയിലുമെല്ലാം നിറയുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്. ബെന്‍ടെന്‍, ബാര്‍ബി, ആംഗ്രി ബേഡ്സ്, മിക്കിമൗസ്, ഛോട്ടാഭീം തുടങ്ങിയ കാര്‍ട്ടൂണിലെ കൂട്ടുകാരെ കണ്ടാല്‍ ചെറിയ കുട്ടികള്‍ക്ക് മറ്റൊന്നും വേണ്ട. സഹകരണ സംഘങ്ങളെ കൂടാതെ നഗരത്തില്‍ ഫാന്‍സി ഷോപ്പുകളും പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം സ്കൂള്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.