മോദിയുടെ ഗുജറാത്ത് മോഡൽ വാചകക്കസര്‍ത്തു മാത്രം -വിഎസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തെയും മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ മോദി ഗുജറാത്തിനായി ചെയ്ത വികസനമെന്താണെന്നും വി.എസ് ചോദിച്ചു.

വികസനത്തിലും ജീവിതനിലവാരത്തിലും ഒന്നാം സ്ഥാനത്തുള്ള കേരളത്തെ പിന്നോടിക്കാനാണ് ശ്രമം. ഗുജറാത്ത് മാതൃകയിലാണെങ്കില്‍ കുട്ടികള്‍ പഠിക്കുന്നതിനുപകരം ബാലവേലയില്‍ ഏര്‍പ്പെടണം. മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം 74 ആണ്. ഗുജറാത്ത് മാതൃകയിലാണെങ്കില്‍ 64ല്‍ മരിക്കണം. 95 ശതമാനം വീടുകളില്‍ ശുചിമുറികളുള്ള കേരളത്തിലാണ് ശുചിമുറിയുണ്ടാകുമെന്ന് പറയുന്നത്. മോദിയുടെ വാഗ്ദത്ത നാടായ ഗുജറാത്തില്‍ 43 ശതമാനം വീടുകളിലെ ശുചിമുറിയുള്ളൂവെന്നും വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലേക്ക് വരികയാണ്. ഗുജറാത്ത് എന്ന വാഗ്ദത്ത നാടുപോലെ കേരളത്തെ മാറ്റിയെടുക്കും എന്നാണ് അനുയായികൾ വിളിച്ചു പറയുന്നത്. വാചാലമായി സംസാരിക്കാനും മോഡിക്കാവും. എന്നാൽ വാചക കസർത്തുകൾക്കപ്പുറം എന്താണ് ഗുജറാത്തിൽ ഇവർ ചെയ്ത വികസനം?
ഹ്യൂമൻ ഡെവലെപ്പ്മെന്റ് ഇൻഡക്സ് ആണ് സമൂഹത്തിന്റെ വികസനവും അവിടത്തെ മനുഷ്യരുടെ ജീവിത നിലവാരവും അളക്കാനുള്ള അളവ് കോൽ. ഇതുപ്രകാരം ഇന്ത്യയിലെ ഒന്നാം സംസ്ഥാനം കേരളമാണ്. ഗുജറാത്തിന് പന്ത്രണ്ടാം സ്ഥാനമാണുള്ളത്. ഗുജറാത്തിന് തുല്യമാക്കും കേരളം എന്ന് വീമ്പിളക്കുന്നവർ എന്താണ് ആ പറയുന്നതിനർത്ഥം. ഇന്ന് മലയാളിയുടെ ശരാശരി ആയുർദൈർഘ്യം 74 വയസ്സാണ്. അവർ 64 വയസ്സിൽ തന്നെ മരിക്കണം! നമ്മുടെ കുട്ടികൾ സ്ക്കൂളിലും കോളേജിലും പോകുന്നത് കുറച്ച് ബാല വേലയിൽ ഏർപ്പെടണം! കേരളത്തിൽ 7 ശതമാനം പട്ടിണി അനുഭവിക്കുന്നതെങ്കിൽ ഗുജറാത്തിൽ ഇത് 17 ശതമാനമാണ്. ശൗച്യാലയമാണ് മോഡിയുടെ മറ്റൊരു തുറുപ്പ്. കേരളത്തിൽ 95 ശതമാനം പേർക്കും കക്കൂസുണ്ട്. ഗുജറാത്തിലാകട്ടെ 43 ശതമാനം വീടുകൾക്കും ഇന്നും കക്കൂസില്ല. ഇതാണ് മോഡിയുടെ വാഗ്ദത്ത നാടായ ഗുജറാത്തിന്റെ അവസ്ഥ.
വളർച്ചാ നിരക്ക് എന്നൊരു സൂചിക ഉപയോഗപ്പെടുത്തിയാണ് ഇവർ ഗുജറാത്തിനെ സ്വർഗ്ഗമായി വാഴ്ത്തുന്നത്. ശരിയാണ് അവിടെ ധനാഗമനം നടന്നിട്ടുണ്ട്. എന്നാൽ അത് ചില അംമ്പാനിമാരുടെയും അദാനിമാരുടെയും കീശയിലേക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളത്.
വ്യവസായികൾ ഗുജറാത്തിലേക്ക് പോയത് മനുഷ്യനേയും പ്രകൃതിയേയും ചൂഷണം ചെയ്യാൻ ഭരണകൂടം കൂട്ടു നില്ക്കുന്നു എന്നത് കൊണ്ട് മാത്രമല്ല വെള്ളവും വായുവും ഉൾപ്പെടെ എന്തു മലിനീകരണവും ചോദ്യം ചെയ്യപ്പെടില്ല എന്നതുകൊണ്ട് കൂടിയാണ്. മലിനീകരണത്തിലാണ് മോഡിയുടെ ഗുജറാത്തിന് ഒന്നാം സ്ഥാനം. സബർമതി ഉൾപ്പെടെയുള്ള ഗുജറാത്തിലെ മൂന്ന് നദികളാണ് ഇന്ത്യയിലെ ഏറ്റവും മലീമസമായ പുഴകൾ. ഈ നദികൾ മലിനമാക്കുന്ന അംബാനിയും അദാനിയും തങ്ങൾക്ക് കുടിക്കാൻ ഹിമാലയത്തിൽ നിന്നും വെള്ളം കൊണ്ടുവരികയും പാവപ്പെട്ട തദ്ദേശവാസികളെ ഈ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമാണ് നമ്മൾ കാണുന്ന കുറഞ്ഞ ആയുർ ദൈർഘ്യവും വിദ്യാഭ്യാസവും എല്ലാം. ഈ വികസനമാണ് ഇവർ നമുക്ക് വാഗ്ദാനം ചെയ്യുന്നത്.
ഇതിൽ സഹികെടുന്ന യുവജനതയെ വഴിതിരിച്ചു വിടാൻ ഇവർ വര്‍ഗീയത ആളിക്കത്തിക്കുന്നു. അവരെ തമ്മില്‍ തല്ലിക്കുന്നു. ഈ വർഗീയ വിഷം ചീറ്റി കേരളത്തെ ജാതിയുടേയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ. പി.ക്കും അഴിമതി മറച്ചു വയ്ക്കാനും തുടരാനും അവരുമായി സന്ധി ചെയ്ത ബി.ഡി. ജെ. എസ് - നും തക്ക തിരിച്ചടി നല്കാനുള്ള അവസരമാണിത്. ശ്രീനാരായണഗുരു, അയ്യങ്കാളി മുതലായ നവോത്ഥാന നായകർ തുടങ്ങുകയും ഇടത് പ്രസ്ഥാനങ്ങൾ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്ത നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിൽ നമുക്ക് കൈകോർക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.