സ്കാനിയക്കുവേണ്ടി ബംഗളൂരു–കോഴിക്കോട് സൂപ്പര്‍ എക്സ്പ്രസ് റൂട്ട് മാറ്റാന്‍ നീക്കം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി പുതുതായി വാങ്ങിയ സ്കാനിയ ബസ് നിരത്തിലിറക്കാനായി മികച്ച ലാഭത്തിലുള്ള ബംഗളൂരു- കോഴിക്കോട് സൂപ്പര്‍ എക്സ്പ്രസ് സര്‍വിസ് റൂട്ട് മാറ്റാന്‍ നീക്കം. ഇതിന്‍െറ ഭാഗമായി സൂപ്പര്‍ എക്സ്പ്രസിനുള്ള റിസര്‍വേഷന്‍ ചൊവ്വാഴ്ച മുതല്‍ നിര്‍ത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും കനത്ത പ്രതിഷേധം അവഗണിച്ചാണ് നീക്കം. നിലവില്‍ മുത്തങ്ങ, ബന്തിപ്പൂര്‍ വനത്തിലൂടെ രാത്രിസര്‍വിസ് നടത്താന്‍ അനുവാദമുള്ള കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് സര്‍വിസുകളില്‍ ഒന്നാണ് സൂപ്പര്‍ എക്സ്പ്രസ് സര്‍വിസ്. ഇതിന്‍െറ റൂട്ട് മാനന്തവാടി കുട്ട വഴിയാക്കാനാണ് നീക്കം. ഇതോടെ ബംഗളൂരുവിലേക്ക് അധികദൂരവും ചാര്‍ജും വേണ്ടിവരും. നിലവില്‍ കോഴിക്കോട്ടുനിന്ന് രാത്രി 10ന് ആരംഭിച്ച് പുലര്‍ച്ചെ ആറിന് ബംഗളൂരുവില്‍ എത്തുന്നതാണ് സൂപ്പര്‍ എക്സ്പ്രസ് സര്‍വിസ്.

ബംഗളൂരുവില്‍നിന്ന് രാത്രി എട്ടിന് എടുത്ത് പുലര്‍ച്ചെ അഞ്ചിന് കോഴിക്കോട്ടം എത്തും. റൂട്ട് മാറുന്നതോടെ നിലവില്‍ എട്ടുമണിക്കൂര്‍കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന ബസിന് 11 മണിക്കുര്‍ വേണ്ടിവരും. പുതിയ സ്കാനിയ സര്‍വിസിന് ചാര്‍ജ് ഇരട്ടിയോളം അധികവും സീറ്റുകളുടെ എണ്ണം കുറവും ആയതിനാല്‍ ഇത് നഷ്ടത്തില്‍ കലാശിച്ചേക്കാമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂപ്പര്‍ എക്സ്പ്രസ് സര്‍വിസില്‍ കോഴിക്കോട്-ബംഗളൂരു യാത്രാചാര്‍ജ് 427 രൂപയാണ്. സ്കാനിയക്കിത് 700 രൂപയിലധികമാകും.

കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് യൂനിയന്‍ സ്കാനിയ സര്‍വിസ് ബഹിഷ്കരണ ഭീഷണിയുയര്‍ത്തി കത്ത് നല്‍കുകയും യാത്രക്കാര്‍ എം.ഡിക്ക് പരാതി അയക്കുകയും ചെയ്തിട്ടും തീരുമാനവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണ് അധികൃതര്‍. പ്രതിദിനം 45,000 മുതല്‍ 50,000 വരെയുള്ള സൂപ്പര്‍ എക്സ്പ്രസ് സര്‍വിസാണ് ലാഭപ്രതീക്ഷയില്ലാത്ത സ്കാനിയക്കുവേണ്ടി മാറ്റുന്നത്. ആറു വര്‍ഷം മുമ്പ് നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ഗരുഡ വോള്‍വോ മാറ്റിയാണ് എക്സ്പ്രസ് സര്‍വിസ് ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മൈസൂരുവിലേക്ക് സൂപ്പര്‍ ബസിന് നിരവധി യാത്രക്കാരുണ്ട്. റൂട്ട് മാറ്റം വരുത്തുന്നതോടെ ഇവരും ദുരിതത്തിലാകും.

കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സ്കാനിയ എ.സി സര്‍വിസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിന്‍െറ ഭാഗമായാണെന്ന് കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ കെ. സഫറുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. എ.സി ബസുകള്‍ക്കായി യാത്രക്കാരില്‍നിന്ന് നിരന്തരം ആവശ്യം ഉയര്‍ന്നു വരുകയാണ്. ആറു വര്‍ഷം മുമ്പ് ഗരുഡ സര്‍വസ് നഷ്ടമായ സ്ഥിതി പുതിയ സര്‍വിസിന് സംഭവിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.