തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് ജാമ്യം. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യമനുവദിച്ചത്. രണ്ട് മാസത്തേക്കോ അല്ളെങ്കില്‍ കേസില്‍ കുറ്റപത്രം നല്‍കുന്നതുവരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നീ മൂന്ന് വ്യവസ്ഥകളോടെയാണ് 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ ജാമ്യമനുവദിച്ചത്. പരാതി ഉണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലയിലെ അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍കുന്നത് നേതാക്കളാണെന്ന് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തില്‍നിന്ന് മനസ്സിലാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നല്ലത് ചെയ്തുകൊണ്ട് അക്രമത്തില്‍നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. സി.ബി.ഐ മൂന്ന് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയരാജനെ ചോദ്യംചെയ്തുകഴിഞ്ഞു. മറ്റ് പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ജാമ്യം നല്‍കുന്നതെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.
അതേസമയം, മനോജിന്‍െറ ബന്ധുക്കള്‍ വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കും. കോടതിമാറ്റം സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലാണ് നിലവില്‍ കേസുള്ളത്. അതിനാല്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ളെന്ന നിര്‍ദേശത്തെ മറികടന്നാണ് കോടതി ഉത്തരവെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. കേവലമായ ആരോപണത്തിന്‍െറ പേരില്‍ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന അന്വേഷണസംഘത്തിന്‍െറ സമീപനത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. ഒന്നാം പ്രതി വിക്രമനുമായി ഗൂഢാലോചന നടത്തിയെന്ന വാദം സി.ബി.ഐക്ക് തെളിയിക്കാനായില്ല. യു.എ.പി.എ വകുപ്പ് സംബന്ധിച്ച പോരാട്ടത്തിന് ഈ വിധി ആശ്വാസം പകരും. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഉടന്‍തന്നെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കേസില്‍ മാര്‍ച്ച് 15നാണ് ജയരാജന്‍ ജാമ്യഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇരുഭാഗത്തിന്‍േറയും വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ഏഴ് വാള്യങ്ങളുള്ള കേസ് ഡയറി സി.ബി.ഐ സമര്‍പ്പിച്ചശേഷവും കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട വാദം നടന്നു. തുടര്‍ന്നാണ് ജാമ്യമനുവദിച്ച് കോടതി വിധി പ്രസ്താവിച്ചത്. ഡിവൈ.എസ്.പി ഷാജു പോളിന്‍െറ നേതൃത്വത്തില്‍ കോടതിവളപ്പില്‍ പൊലീസ് സംഘവുമുണ്ടായിരുന്നു. തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതിരുന്ന ജയരാജനെ പ്രതിചേര്‍ത്ത് ജനുവരി 21നാണ് സി.ബി.ഐ തലശ്ശേരി ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 12ന് ചികിത്സയിലിരിക്കെ ഡിസ്ചാര്‍ജ് എഴുതിവാങ്ങി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ഉക്കാസ്മൊട്ടയില്‍വെച്ച് മനോജ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.