തിരുവനന്തപുരം: സംസ്ഥാനത്ത് 113 സ്പെഷല്‍ സ്കൂളുകള്‍ക്ക് കൂടി എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭായോഗം രഹസ്യമായാണ് വിവാദ തീരുമാനമെടുത്ത്. കോടികളുടെ അധിക സാമ്പത്തികബാധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്. നേരത്തേ നൂറോ അതിലധികമോ കുട്ടികള്‍ ഉള്ള 33 സ്വകാര്യ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് 50 കുട്ടികളോ അതിലധികമോ ഉള്ളവയെക്കൂടി എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭാതീരുമാനത്തില്‍ ഉത്തരവിറക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടിയിരിക്കുകയാണ്.
പുതുതായി എയ്ഡഡ് പദവി നല്‍കുന്ന 113 സ്കൂളുകളില്‍ 79 എണ്ണം സ്വകാര്യമേഖലയിലുള്ളവയാണ്. ഇതില്‍ അഞ്ചെണ്ണം 100ല്‍ കൂടുതല്‍ കുട്ടികളുള്ള വിഭാഗത്തിലാണ് അനുവദിച്ചത്. ഇതോടെ ഈ വിഭാഗത്തില്‍ എയ്ഡഡ് പദവി നല്‍കിയവയുടെ എണ്ണം 38 ആയി. അവശേഷിക്കുന്ന 73 എണ്ണം 50നും 100നും ഇടയില്‍ കുട്ടികളുള്ളവയാണ്. പുതുതായി എയ്ഡഡ് പദവി അനുവദിക്കുന്ന 34 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ബഡ്സ് സ്കൂളുകളാണ്. 25 കുട്ടികളോ അതിലധികമോ ഉള്ള ബഡ്സ് സ്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കുക. വ്യക്തമായ പഠനമോ പരിശോധനയോ നടത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഭിന്നശേഷിയുള്ളവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുമായ കുട്ടികളോടുള്ള മനുഷ്യത്വപരമായ സമീപനം എന്ന വാദമാണ് മുഖ്യമന്ത്രി നിരത്തിയിരുന്നത്. സര്‍ക്കാറിന്‍െറ കാലാവധി തീരുന്നതിന് മുമ്പ് 50 കുട്ടികള്‍ വരെയുള്ള സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ ധിറുതിപിടിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പട്ടിക തയാറാക്കിയത്. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഡി.പി.ഐക്ക് സമര്‍പ്പിച്ച പട്ടിക അപ്പടി അംഗീകരിക്കുകയായിരുന്നു.എന്നാല്‍, സര്‍ക്കാര്‍തലത്തില്‍ ഇതുസംബന്ധിച്ച് മറ്റ് പഠനമോ പരിശോധനയോ നടന്നിട്ടില്ല.
നേരത്തേ എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖകളില്‍ ജീവനക്കാരുടെ നിയമനം പി.എസ്.സി വഴിയാക്കാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, മാനേജ്മെന്‍റുകള്‍ സര്‍ക്കാര്‍തലത്തില്‍ നടത്തിയ സമ്മര്‍ദത്തെതുടര്‍ന്ന് നിയമനവ്യവസ്ഥ ഭേദഗതിചെയ്യുകയും മാനേജ്മെന്‍റിന് നിയന്ത്രണമുള്ള സെലക്ഷന്‍ സമിതിയെ പകരംനിയമിക്കാന്‍ വ്യവസ്ഥ കൊണ്ടുവരുകയും ചെയ്തു. എയ്ഡഡ് പദവി ലഭിക്കുന്ന സ്വകാര്യ സ്പെഷല്‍ സ്കൂളുകളുടെ എണ്ണം ജില്ല തിരിച്ച് : തിരുവനന്തപുരം -ഏഴ്, കൊല്ലം -രണ്ട്, പത്തനംതിട്ട -ഒന്ന്, ആലപ്പുഴ -നാല്, കോട്ടയം -എട്ട്, ഇടുക്കി -മൂന്ന്, എറണാകുളം -ഒമ്പത്, തൃശൂര്‍ -ആറ്, പാലക്കാട് -മൂന്ന്, മലപ്പുറം -പത്ത്, കോഴിക്കോട് -ഒമ്പത്, വയനാട് -രണ്ട്, കണ്ണൂര്‍ -പത്ത്, കാസര്‍കോട് -നാല്. ബഡ്സ് സ്കൂളുകളുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം -രണ്ട്, കൊല്ലം -ഒന്ന്, ആലപ്പുഴ -നാല്, എറണാകുളം -രണ്ട്, തൃശൂര്‍ -രണ്ട്, മലപ്പുറം -അഞ്ച്, കോഴിക്കോട് -നാല്, കണ്ണൂര്‍ -ഏഴ്, കാസര്‍കോട് -ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.