നിതാഖാത്: നോര്‍ക്ക പദ്ധതിയില്‍ കൊള്ളപ്പലിശയുടെ കടക്കെണി

തലശ്ശേരി:നിതാഖാത്തില്‍ പെട്ട് നാട്ടിലത്തെിയവര്‍ക്കുള്ള നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയില്‍ വാഹന വായ്പയെടുത്തവര്‍  കടക്കെണിയില്‍പെട്ട് ജീവിതക്കുരുക്കിലായി. കോടികളുടെ വരുമാനം സര്‍ക്കാറിനത്തെിക്കുന്ന പ്രവാസലോകത്തോടുള്ള വഞ്ചനയെന്നോണം പലിശരഹിത വായ്പക്ക് പകരം സംസ്ഥാനത്തെ 312 മുന്‍പ്രവാസികളെ കൊള്ളപ്പലിശയുടെ കെണിയിലകപ്പെടുത്തുകയായിരുന്നു  നോര്‍ക്ക.


തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍ ഉള്‍പ്പെടെ ജില്ലകളിലെ പ്രവാസി പുനരധിവാസ പദ്ധതിയില്‍ വാഹന വായ്പയെടുത്ത  ടാക്സി ‘മുതലാളി’മാരാണ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ ആത്മഹത്യവരെ എത്തിച്ചേരാവുന്ന സാഹചര്യത്തിലകപ്പെട്ടിരിക്കുന്നത്. നിതാഖാത്തില്‍ പെട്ട് ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വലിച്ചെറിയപ്പെട്ടവര്‍ക്ക് വാനോളം പ്രതീക്ഷയുയര്‍ത്തിയാണ് കേരള സര്‍ക്കാര്‍ വിവിധ പുനരധിവാസ പദ്ധതികള്‍ ആരംഭിച്ചത്. എന്നാല്‍, വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതിനിടെ പദ്ധതി നടത്തിപ്പില്‍ അടിമുടി വീഴ്ചകളായിരുന്നു. പ്രശ്നം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സംസാരിച്ചിട്ടും നടപടിയുണ്ടായില്ളെന്ന് കടക്കെണിയില്‍പെട്ടവര്‍ പറഞ്ഞു. മാര്‍ച്ച് 25ന് നടക്കുന്ന അദാലത്തില്‍ ബാധ്യത അടച്ചുതീര്‍ക്കണമെന്നാണ് കണ്ണൂര്‍ ജില്ലയിലെ ഒരു വാഹന ഉടമക്ക് ലഭിച്ച നോട്ടീസ്.

അടച്ചുതീര്‍ത്തില്ളെങ്കില്‍ റവന്യൂ റിക്കവറി ഭീഷണിയുമുണ്ട്. നോര്‍ക്ക റൂട്സ് ആവിഷ്കരിച്ച പുനരധിവാസ പദ്ധതി പ്രകാരം കേരളത്തില്‍ 312 പേര്‍ക്കാണ് വിവിധ ടാക്സി വാഹനങ്ങള്‍ അനുവദിച്ചത്. കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമാക്കുമെന്നറിഞ്ഞതോടെ നേരത്തെ നല്ലരീതിയില്‍ ജീവിച്ചിരുന്ന പലരും കുടുംബം പട്ടിണി ആവാതിരിക്കാന്‍ വാഹനങ്ങള്‍ സ്വന്തമാക്കി. പലിശരഹിത വായ്പ വേണമെന്നായിരുന്നു പ്രവാസികളുടെ ആവശ്യം. ഇത് മറന്ന് പദ്ധതി നടപ്പാക്കി മാസങ്ങള്‍ കഴിഞ്ഞ് വാഹനം കൈയിലത്തെിയപ്പോഴാണ് 10.75 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നതെന്ന് വ്യക്തമായത്. കരാര്‍ പത്രങ്ങളില്‍ ഇതിനകം ഒപ്പുവെച്ചു കഴിഞ്ഞിരുന്നു. ഇതോടെ ഡ്രൈവര്‍മാരുടെ ദുരിതം തുടങ്ങി. അടവ് തെറ്റുമ്പോള്‍ തെരുവ് ഗുണ്ടകളുടെ ശൈലിയിലാണ് ബാങ്കധികൃതരത്തെുന്നതത്രെ. വാഹനം പിടിച്ചുകൊണ്ടുപോയാലും ഇന്‍ഷുറന്‍സും ബാക്കി അടവുകളും അടക്കണം. എന്നാല്‍, ഇത് സാധ്യമാകാത്തതോടെ ജപ്തി നടപടിയിലേക്ക് അധികൃതര്‍ കടക്കും. ഇതാണ് ഡ്രൈവര്‍മാരെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഭാര്യയുടെ സ്വര്‍ണം വിറ്റും സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തിയും സ്വന്തമാക്കിയ വാഹനത്തിന്‍െറ തവണകള്‍ മുടക്കാതെ അടക്കാന്‍ ശ്രമിച്ചിട്ടും പിടിച്ചുനില്‍ക്കാനാവുന്നില്ല. തിരിച്ചടവ് മുടങ്ങിയപ്പോള്‍ പിടിച്ചുകൊണ്ടുപോയ വാഹനം ഉടമകളറിയാതെ വിറ്റു. ഇതിന്‍െറ ബാധ്യതയായ അഞ്ചര ലക്ഷത്തോളം രൂപ ഉടമകളടക്കണമെന്നാണ് ഇപ്പോള്‍ ബാങ്കിന്‍െറ ആവശ്യം.കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം ജില്ലയിലെ ഒരുസംഘം ഡ്രൈവര്‍മാര്‍ തങ്ങളുടെ ദുരിതം പറയാന്‍ മന്ത്രി കെ.സി. ജോസഫിന്‍െറ ഓഫിസില്‍ എത്തിയിരുന്നു. വാഹനത്തിന്‍െറ പലിശ ബാങ്കധികൃതരുമായി സംസാരിച്ച് ഏഴ് ശതമാനമാക്കാമെന്ന് പറഞ്ഞതല്ലാതെ  നടപടി ഉണ്ടായില്ല. തിരുവനന്തപുരത്ത് 66പേരും കൊല്ലം ജില്ലയില്‍ 51 പേരുമാണ് പദ്ധതി പ്രകാരം വാഹനങ്ങള്‍ സ്വന്തമാക്കിയത്. പത്തനംതിട്ട -17, ആലപ്പുഴ -17, കോട്ടയം -19, ഇടുക്കി -ആറ്, എറണാകുളം -22, തൃശൂര്‍ -12, പാലക്കാട് -ഒമ്പത്, മലപ്പുറം -32, കോഴിക്കോട് -27, വയനാട് -19, കണ്ണൂര്‍ -11, കാസര്‍കോട് -നാല് എന്നിങ്ങനെ മറ്റ് ജില്ലകളിലും വാഹന ‘മുതലാളി’മാരുണ്ട്. പലിശ സംബന്ധിച്ച് ബാങ്കിന് തീരുമാനമെടുക്കാമെങ്കിലും ഇളവുകള്‍ അനുവദിക്കുമെന്ന് ഉറപ്പുപറഞ്ഞ സര്‍ക്കാറിനെ വിശ്വസിച്ചാണ് ഇവര്‍ വാഹനം വാങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.