വി.എസും പിണറായിയും മത്സരിക്കും: തീരുമാനം നാളെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കണമോ എന്ന കാര്യത്തിൽ വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം എടുക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട് എന്നിവർ നാളത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 11, 12 തീയതികളിൽ സെക്രട്ടറിയേറ്റും 13നു സംസ്ഥാന കമ്മിറ്റിയും നടക്കും. വിവിധ ജില്ലാ കമ്മിറ്റികൾ  നൽകിയ സ്ഥാനാർഥി ലിസ്റ്റുകൾ പരിഗണിക്കും.

രണ്ടു തവണ മത്സരം എന്ന ചട്ടത്തിൽ ആർക്കെല്ലാം ഇളവു നൽകണമെന്ന കാര്യവും പരിഗണനക്ക് വരും. സെക്രട്ടറിയേറ്റ് പരിഗണിച്ച് സംസ്ഥാന കമ്മിറ്റിക്ക് വിടുന്ന നിർദേശങ്ങൾ അവിടെ പരിഗണിച്ച ശേഷം വീണ്ടും ജില്ലാ കമ്മിറ്റികൾക്ക് അയച്ചു കൊടുത്ത് അഭിപ്രായം അറിഞ്ഞ ശേഷമേ അന്തിമ ലിസ്റ്റ് തയ്യാറാക്കൂ. പിണറായി, വി.എസ് എന്നിവർ മത്സരിക്കുന്ന കാര്യത്തിൽ  നാളെ തന്നെ അന്തിമ തീരുമാനമാകും. ഇവർ ഇരുവരും മത്സരരംഗത്ത്‌ ഉണ്ടാകണമെന്നാണ് പി.ബി നിർദേശം. ഇതിനു കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടു പേരും മത്സരിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടില്ല.

പ്രായാധിക്യം ഉണ്ടെങ്കിലും വി.എസിനെ തെരഞ്ഞെടുപ്പു രംഗത്ത്‌ നിന്ന് മാറ്റി നിർത്തിയാൽ ദോഷം ചെയ്യുമെന്നാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തൽ. വി.എസ് മത്സരിക്കണമെന്ന കാര്യത്തിൽ കേരള നേതാക്കളും അനുകൂലമാണ്. കേരളത്തിൽ എന്തു ത്യാഗം സഹിച്ചും ഭരണം പിടിക്കണമെന്നാണ് പാർട്ടിയുടെ പൊതു നിലപാട്. വി.എസിനെ മാറ്റി നിർത്തി തർക്ക വിഷയങ്ങൾ ഉണ്ടാക്കുന്നതിനോട് ആർക്കും യോജിപ്പില്ല.

ഭരണം കിട്ടിയാൽ പിണറായി വിജയൻ  മുഖ്യമന്ത്രി ആകണം എന്ന കാര്യത്തിൽ  കേന്ദ്ര നേതാക്കൾക്കിടയിൽ  അഭിപ്രായസമന്വയം ഉണ്ടായതായാണ് സൂചന. അതേ സമയം, വി എസിന് ഉന്നതമായ ഒരു പദവി നൽകുന്ന  കാര്യവും ആലോചനയിലുണ്ട്. മൻമോഹൻ സർക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിക്ക് യു പി എ അധ്യക്ഷ എന്ന നിലയിൽ നൽകിയ കേന്ദ്ര സർക്കാർ നൽകിയ പദവി പോലെ വി എസിന് ബഹുമാന്യമായ ഒരു സ്ഥാനം നൽകുന്നതിനെ കുറിച്ചും തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം ആലോചിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.