തലശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ സി.ബി.ഐക്ക് കോടതി അനുമതി നൽകി. ജയിലിലോ ആശുപത്രിയിലോ ചോദ്യം ചെയ്യാമെന്നാണ് സി.ബി.ഐയുടെ ഹരജിയിൽ തലശേരി പ്രിൻസിപ്പിൽ സെഷൻസ് കോടതി ഉത്തരവിട്ടത്.
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. അഭിഭാഷകന്‍റെയും ഡോക്ടറുടെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ജയരാജന്‍റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. സി.ബി.ഐയുടെ ക്യാമ്പിൽ ജയരാജനെ കൊണ്ടുപോകാൻ കഴിയില്ല. ജയരാജന്‍റെ റിമാൻഡ് കാലാവധി 11ന് തീരാനിരിക്കെയാണു മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യാൻ ജഡ്ജി വി.ജി അനിൽകുമാർ അനുവാദം നൽകിയത്.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് ജയരാജൻ. ജയരാജന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് സെൻട്രൽ ജയിൽ അധികൃതർ കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തേ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. ഈ മെഡിക്കൽ റിപ്പോർട്ടും കോടതി പരിഗണിച്ചു.
ജനുവരി 21ന് പ്രതിചേര്‍ക്കപ്പെട്ട ജയരാജന്‍ ഫെബ്രുവരി 12നാണ് ചികിത്സയില്‍ കഴിഞ്ഞ പരിയാരം സഹകരണ ഹൃദയാലയയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് മാര്‍ച്ച് 11വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.