പിന്നണിക്കാരുടെ പെണ്‍ദിന വിചാരങ്ങള്‍

അങ്കച്ചേകവന്മാരെപ്പോലെ അരയും തലയും മുറുക്കി ആണുങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമ്പോള്‍ വെറുതെ കൈയുംകെട്ടി നോക്കിനില്‍ക്കുകയല്ല കേരള രാഷ്ട്രീയത്തിലെ വീട്ടമ്മമാര്‍. രാഷ്ട്രീയത്തിന്‍െറ ഉഷ്ണമാപിനി തിളച്ചുപൊന്തി നില്‍ക്കുന്ന തെരഞ്ഞെടുപ്പുകാലത്ത് ഭര്‍ത്താക്കന്മാരുടെ തിരക്കിനെക്കുറിച്ച് ചോദിച്ചാല്‍ തിരക്കില്ലാതെ ഇവരെ എപ്പോഴാ കണ്ടിട്ടുള്ളത്...? എന്ന മറുചോദ്യം വായടപ്പിക്കും. എന്നും തിരക്കിട്ട് പാഞ്ഞുനടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തിരിക്കൂടി തിരക്കു കൂടുന്നു, ഇത് നമ്മളെത്ര കണ്ടതാ എന്ന നിസ്സാരഭാവം. പക്ഷേ, വനിതാ ദിനമല്ളേ, എന്താണ് പറയാനുള്ളതെന്ന് ചോദിക്കുമ്പോള്‍ അവരുടെ മട്ടുമാറും. ഉള്ളിലുള്ള പെണ്‍ രാഷ്ട്രീയവും കാഴ്ചപ്പാടും അവരും തുറന്നുപറയുന്നു. ആണുങ്ങളെക്കാള്‍ വ്യക്തതയോടെ.
 

മറിയാമ്മ
 

സ്ത്രീ ശാക്തീകരണം എന്നൊക്കെ വെറുതെ വാചകക്കസര്‍ത്ത് നടത്തിയിട്ട് കാര്യമില്ളെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പത്നി മറിയാമ്മക്ക് പറയാനുള്ളത്. കരുത്തുതെളിയിച്ച സ്ത്രീകള്‍ ഒട്ടേറെപ്പേര്‍ ചുറ്റുമുണ്ട്. അവരെ കൂടുതല്‍ കരുത്തരാക്കുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയും വേണമെന്ന് മറിയാമ്മ പറയുന്നു. വെറുതെ പ്രസംഗിച്ച് സമയം പാഴാക്കുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുകയാണെന്നും മറിയാമ്മക്ക് നിര്‍ദേശിക്കാനുണ്ട്.
 

കമലാ വിജയന്‍
 

50 ശതമാനം സ്ത്രീ സംവരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കിയ സ്ത്രീ സംവരണം രാഷ്ട്രീയ -ഭരണ തലത്തിലും വ്യാപിപ്പിക്കണമെന്ന കാര്യത്തില്‍ പിണറായി വിജയന്‍െറ ഭാര്യ കമലാ വിജയന് സംശയമേയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് സന്നദ്ധമാകണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
 

വിനോദിനി
 

പണ്ടത്തെ കാലമല്ല ഇതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍െറ പത്നി വിനോദിനിക്ക് പറയാനുള്ളത്. സ്ത്രീകള്‍ക്ക് മുമ്പത്തെക്കാള്‍ സ്വാതന്ത്ര്യം ഇപ്പോള്‍ കിട്ടുന്നുണ്ട്. പക്ഷേ, അത് ദുരുപയോഗം ചെയ്യാതെ ക്രിയാത്മകമായി വിനിയോഗിച്ചാല്‍ ഇനിവരുന്നത് സ്ത്രീകളുടെ കാലമായിരിക്കുമെന്നും വിനോദിനിക്ക് അഭിപ്രായമുണ്ട്. ഭര്‍ത്താവ് പേറുന്ന രാഷ്ട്രീയ സമ്മര്‍ദം കുടുംബത്തില്‍ എത്തിക്കാറില്ളെങ്കിലും പുറത്തെ വര്‍ത്തമാനങ്ങളില്‍നിന്ന് അതെല്ലാം മനസ്സിലാക്കാറുണ്ടെന്നും വിനോദിനി.
 

കുട്ടിയമ്മ
 

ഭര്‍ത്താവിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എം. മാണിയുടെ സഹധര്‍മിണി കുട്ടിയമ്മ. സ്ത്രീകളുടെ സുരക്ഷക്ക് പ്രാധാന്യം കുറഞ്ഞുപോകുന്നതില്‍ കുട്ടിയമ്മക്ക് പരിഭവവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ സുരക്ഷ മുഖ്യ അജണ്ടയാക്കണമെന്നും കുട്ടിയമ്മക്ക് അഭിപ്രായമുണ്ട്. വിവാദങ്ങളൊക്കെ മറികടന്ന് മാണി സാര്‍ വീണ്ടും മന്ത്രിയാകുമെന്ന കാര്യത്തില്‍ കുട്ടിയമ്മക്ക് സംശയമേയില്ല.
 

റസിയ
 

വല്ലപ്പോഴുംമാത്രം കാണാന്‍കിട്ടുന്ന പങ്കാളി ഇനി തെരഞ്ഞെടുപ്പിന്‍െറ നാളിലെങ്കിലും തൊട്ടടുത്തുണ്ടാകുമല്ളോ എന്ന് ആശ്വസിക്കുന്നു മഞ്ഞളാംകുഴി അലിയുടെ ഭാര്യ റസിയ. 40 വര്‍ഷമായി ജീവിതസഖിയായിട്ട്. അന്നുതൊട്ട് തിരക്കാണ്.വീണ്ടും പെരിന്തല്‍മണ്ണയിലെ സ്ഥാനാര്‍ഥിയായതോടെ ഇനി മൂന്നുനേരം ഭക്ഷണംകഴിക്കാന്‍ ഭര്‍ത്താവ് വീട്ടിലുണ്ടാവുമെന്നതാണ് റസിയയുടെ സമാധാനം. കേയി ലീഗിന്‍െറ നിയമസഭാംഗമായിരുന്നു പിതാവ് സി.പി. കുഞ്ഞാലിക്കുട്ടി. അലി പക്ഷേ, സി.പി.എമ്മിനൊപ്പംനിന്നത് തനിക്ക് വിഷമമുണ്ടാക്കിയെന്ന് റസിയ പറയുന്നു. ലീഗില്‍ ചേര്‍ന്നപ്പോള്‍ ആ വിഷമം സന്തോഷമായി.
 

ജയശ്രീ
 

പൊതുപ്രവര്‍ത്തകരുടെ കുടുംബജീവിതത്തില്‍ തെരഞ്ഞെടുപ്പുകാലത്തിന് മാത്രമായി വലിയ പ്രത്യേകതയൊന്നുമില്ളെന്ന പക്ഷക്കാരിയാണ് വി. മുരളീധരന്‍െറ ഭാര്യ പ്രഫ. ജയശ്രീക്ക്. സ്ത്രീചേതന എന്ന സംഘടനയിലൂടെ സാമൂഹികപ്രവര്‍ത്തനം നടത്തുന്ന ജയശ്രീക്ക് ഭര്‍ത്താവിന്‍െറ ജീവിതം തെരഞ്ഞെടുപ്പുകാലത്ത് മറ്റൊരു തലത്തിലേക്ക് മാറുന്നതായേ അനുഭവപ്പെടുന്നുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.