പി.കെ. രാഗേഷ്  അഴീക്കോട്ട് മത്സരിക്കും;  എല്‍.ഡി.എഫ് പിന്തുണ നേടാന്‍ ശ്രമിക്കും

കണ്ണൂര്‍: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കും. ഐക്യജനാധിപത്യ സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ഇന്നലെ പി.കെ. രാഗേഷിന്‍െറ വീട്ടിലാണ് യോഗം നടന്നത്. സ്വതന്ത്രനായി മത്സരരംഗത്തേക്ക് കടന്നുവരാനാണ് ഇപ്പോഴത്തെ തീരുമാനം. പിന്നീട് എല്‍.ഡി.എഫുമായി ആലോചിച്ച് പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും രാഗേഷ് മത്സരരംഗത്ത് ഉറച്ചുനില്‍ക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ട തകര്‍ത്ത മുസ്ലിംലീഗിലെ യുവനേതാവ് കെ.എം. ഷാജിയാണ് അഴീക്കോട്ട് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി. ഐക്യജനാധിപത്യ സംരക്ഷണ സമിതി നീക്കം യു.ഡി.എഫിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പഞ്ഞിക്കൈയില്‍ വാര്‍ഡില്‍നിന്നാണ് രാഗേഷ് ജയിച്ചത്.

 കോര്‍പറേഷനില്‍ ഇടത്-വലത് പക്ഷങ്ങള്‍ തുല്യശക്തികളായതോടെ രാഗേഷിന്‍െറ വോട്ട് നിര്‍ണായകമായി. മേയര്‍ തെരഞ്ഞെടുപ്പിലും വിമതനീക്കം തുടര്‍ന്ന രാഗേഷിന്‍െറ സഹായത്തോടെ ഇടതുപക്ഷത്തെ ഇ.പി. ലത കണ്ണൂര്‍ കോര്‍പറേഷന്‍െറ പ്രഥമ മേയറായി. എന്നാല്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍നിന്ന് രാഗേഷ് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ സി. സമീര്‍ ജയിച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പായപ്പോഴേക്കും രാഗേഷിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചു. ഇതിന്‍െറ ഫലമായി സ്റ്റാന്‍റിങ് കമ്മിറ്റികളില്‍ യു.ഡി.എഫ് ശക്തമായ മേല്‍ക്കൈ നേടി. 
എന്നാല്‍, യു.ഡി.എഫ്, കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഉപാധികളില്‍ ഭൂരിഭാഗവും അവഗണിച്ചതിനെ പി.കെ. രാഗേഷ് പരസ്യമായി ചോദ്യം ചെയ്തതോടെ യു.ഡി.എഫുമായുള്ള ബന്ധം വീണ്ടും വഷളായി. ഈ സാഹചര്യത്തിലാണ് കെ.എം. ഷാജിക്കെതിരെ രാഗേഷിനെ മത്സരിപ്പിക്കാന്‍ ഐക്യജനാധിപത്യ സംരക്ഷണ മുന്നണി തീരുമാനിച്ചത്. തിങ്കളാഴ്ച മുതല്‍  പ്രചാരണം ആരംഭിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.