കെ.കെ ഷാജു ജെ.എസ്.എസ് പദവികൾ രാജിവെച്ചു

ആലപ്പുഴ: യു.ഡി.എഫിനെ പിന്തുണക്കുന്ന ജെ.എസ്.എസ്-രാജന്‍ ബാബു വിഭാഗം അധ്യക്ഷൻ കെ.കെ ഷാജു പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. കോൺഗ്രസിൽ ചേരുന്നതിന്‍റെ ഭാഗമായാണ് കെ.കെ ഷാജുവിന്‍റെ രാജി. ജെ.എസ്.എസിന് ഇപ്പോൾ പ്രസക്തിയില്ലെന്നും ഭാവിയിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി ജനറല്‍ സെക്രട്ടറിയായ അഡ്വ. രാജന്‍ ബാബുവുമായി അകന്ന കെ.കെ. ഷാജുവിന് ആലപ്പുഴ ഡി.സി.സിയുടെ പിന്തുണയുണ്ട്. മാവേലിക്കരയിലോ അടൂരിലോ സീറ്റ് ലഭിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ഷാജുവിന്‍റെ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ എൽ.ഡി.എഫിലെ ആർ. രാജേഷിനോടാണ് കെ.കെ ഷാജു പരാജയപ്പെട്ടത്.

ജെ.എസ്.എസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കാൻ തീരുമാനിച്ചതോടെയാണ് കെ.ആർ ഗൗരിയമ്മയുമായി അഡ്വ. രാജൻ ബാബുവും കെ.കെ ഷാജുവും വഴിപിരിയുന്നത്. തുടർന്ന് രാജൻ ബാബു ജനറൽ സെക്രട്ടറിയും കെ.കെ ഷാജു പ്രസിഡന്‍റുമായി ജെ.എസ്.എസ് വിമത വിഭാഗം രൂപപ്പെട്ടു. രാജൻ ബാബു വിഭാഗം യു.ഡി.എഫിൽ തുടരാനും തീരുമാനിച്ചു.

ഈ സാഹചര്യത്തിലാണ് വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. ജാമ്യം എടുക്കാനായി കോടതിയിൽ പോയ വെള്ളാപ്പള്ളിയെ എസ്.എൻ.ഡി.പി യോഗം നിയമോപദേശകനായ രാജൻ ബാബു അനുഗമിച്ചു. ഈ നടപടി യു.ഡി.എഫിനെ പ്രകോപിപ്പിക്കുകയും രാജൻ ബാബുവിനെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെ.െക ഷാജു യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.