പൊലീസിലെ സ്പോര്‍ട്സ് ക്വോട്ട നിയമനം:  ഡി.ജി.പി ഫയല്‍ വിളിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ സ്പോര്‍ട്സ് ക്വോട്ട വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ഡി.ജി.പി വിളിപ്പിച്ചു. ഫെബ്രുവരി 17,18,19 തീയതികളില്‍ നടന്ന കായികക്ഷമതാ പരിശോധന സംബന്ധിച്ച ഫയലാണ് വിളിപ്പിച്ചത്. ആദ്യംപ്രസിദ്ധീകരിച്ച പട്ടികയില്‍നിന്ന് അര്‍ഹരായവരെ ഒഴിവാക്കുകയും അനര്‍ഹരെ തിരുകിക്കയറ്റുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിലെ ഉന്നതരുടെ ഒത്താശയോടെ നടക്കുന്ന നടപടികളെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടന്ന കായികക്ഷമതാപരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തി അന്തിമപട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു മുന്‍തീരുമാനം. എന്നാല്‍, മുഴുവന്‍ ഫയലുകളും പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊണ്ടാല്‍ മതിയെന്നാണ് ഡി.ജി.പി ടി.പി സെന്‍കുമാറിന്‍െറ നിര്‍ദേശമെന്നറിയുന്നു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന അന്തിമപട്ടികയില്‍ ഇടംനേടിയ 12 ഓളം ഉദ്യോഗാര്‍ഥികള്‍ രാഷ്ട്രീയക്കാരുടെയും സഭാമേലധ്യക്ഷന്മാരുടെയും പ്രതിനിധികളാണെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നടപടി. 

അതേസമയം, സ്പോര്‍ട്സ് ക്വോട്ട നിയമനത്തിലെ തിരിമറികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അഡീഷനല്‍ ചീഫ്സെക്രട്ടറിയുടെ ഓഫിസില്‍ ഊമക്കത്ത് ലഭിച്ചു. ഇത് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറിയതായാണ് വിവരം. പൊലീസ് സേനക്കാകെ നാണക്കേടായ സംഭവം ഒതുക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്. ഹവില്‍ദാര്‍ തസ്തികയിലേക്ക് 88 പുരുഷന്മാരെയും 19 സ്ത്രീകളെയും നിയമിക്കാന്‍ 2014 സെപ്റ്റംബര്‍ 16നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന, ദേശീയതലത്തില്‍ കായിക ഇനങ്ങളില്‍ മികവുതെളിയിച്ച പ്ളസ് ടു യോഗ്യതയുള്ളവരെയാണ് സേനയിലേക്ക് ക്ഷണിച്ചത്. 
2015 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകണമെന്നും 25 വയസ്സ് കഴിയാന്‍ പാടില്ളെന്നും പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, നിശ്ചിത യോഗ്യതയില്‍ വെള്ളം ചേര്‍ത്ത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്നത്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.