ഷുക്കൂര്‍ വധക്കേസില്‍ വീണ്ടും വഴിത്തിരിവ്: ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മറികടക്കാന്‍ നിയമോപദേശം

കണ്ണൂര്‍: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ട നടപടി ദുര്‍ബലപ്പെടുത്തുന്നതിനുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നതുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നീക്കത്തിന് സംസ്ഥാന ആഭ്യന്തരവകുപ്പ് നീക്കംതുടങ്ങി. സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതിയുടെ താല്‍ക്കാലിക സ്റ്റേ കിട്ടിയതോടെ ഇനിയുള്ള അപ്പീല്‍ വാദത്തിലും സര്‍ക്കാര്‍ഭാഗം അന്തര്‍നാടകമാവുമെന്നാണ് സൂചന.

ഷുക്കൂറിന്‍െറ മാതാവ് ആത്തിക്കയുടെ ഹരജിയിലാണ് 2016 ഫെബ്രുവരി എട്ടിന് ഹൈകോടതി കേസ് സി.ബി.ഐക്ക് വിടാന്‍ ഉത്തരവായത്. പ്രതികളായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ എന്നിവരും മറ്റു രണ്ട് പ്രതികളും നല്‍കിയ അപ്പീല്‍ ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ നല്‍കിയത്. അഡ്വ. ജനറല്‍ സ്വീകരിച്ച നിലപാട് നിയമവൃത്തങ്ങളില്‍ വിവാദമായിട്ടുണ്ട്. നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാര്‍ മാറിയാല്‍ കേസില്‍ ഹാജരാവുന്ന എ.ജി നിലപാട് മാറ്റാമോ എന്നാണ് ചോദ്യം.

 കുറ്റമറ്റനിലയില്‍ അന്വേഷിക്കുന്നതിന് ലോക്കല്‍ പൊലീസിന് ഭീഷണി ഉണ്ടായിരുന്നുവെന്നാണ് ഡി.ജി.പി റിപ്പോര്‍ട്ട് ചെയ്തത്. ഇതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടുന്നതിനെ അനുകൂലിച്ചത്. എന്നാല്‍, ലോക്കല്‍ പൊലീസ് അന്വേഷണം തൃപ്തികരമായിരുന്നുവെന്നും ഇതനുസരിച്ച് കുറ്റപത്രം തയാറാക്കാന്‍ അനുമതി നല്‍കണമെന്നുമുള്ള പുതിയ വാദമാണ് ഇനി ഉയരുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.