ഡയറക്ടറുടെ ഉത്തരവിറങ്ങി ഇടുക്കി മെഡിക്കല്‍ കോളജ്: പകുതി വിദ്യാര്‍ഥികള്‍ ടി.സി വാങ്ങി

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളെ സംസ്ഥാനത്തെ മറ്റ് കോളജുകളിലേക്ക് മാറ്റാന്‍ നടപടി പൂര്‍ത്തിയായി. പകുതി വിദ്യാര്‍ഥികള്‍ ബുധനാഴ്ച ടി.സി വാങ്ങി പോയി. ശേഷിക്കുന്നവര്‍ വ്യാഴാഴ്ച ഉച്ചയോടെ പോകും. വിദ്യാര്‍ഥികളെ മാറ്റാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി.
അതേസമയം, പുതിയ ബാച്ചിലേക്ക് തല്‍ക്കാലം പ്രവേശം നടക്കില്ല. നിശ്ചിത സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ളെങ്കില്‍ കോളജില്‍ തുടരുന്ന വിദ്യാര്‍ഥികളുടെ ഭാവിയും ത്രിശങ്കുവിലാകും. 2014 സെപ്റ്റംബര്‍ ഒന്നിനാണ് മെഡിക്കല്‍ കൗണ്‍സിലിന്‍െറ അനുമതിയോടെ കോളജില്‍ അധ്യയനം ആരംഭിച്ചത്. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളജ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കൗണ്‍സിലിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. പക്ഷേ, ഇത് പാലിക്കാനായില്ല. കഴിഞ്ഞ തവണ പരിശോധനക്കത്തെിയ കൗണ്‍സില്‍ സംഘം കെട്ടിടനിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും ഓപറേഷന്‍ തിയറ്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം പാലിച്ചില്ളെങ്കില്‍ ആദ്യ ബാച്ചിന്‍െറ മൂന്നാംവര്‍ഷ പഠനവും ഇപ്പോള്‍ പഠനം നടത്തുന്ന ബാച്ചിന്‍െറ തുടര്‍പഠനവും അവതാളത്തിലാകും. ഇടുക്കിയുടെ സ്വപ്നപദ്ധതിയായ ഗവ. മെഡിക്കല്‍ കോളജ് നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് അധികൃതര്‍ ഇപ്പോഴും നല്‍കുന്ന ഉറപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.