എല്‍ നിനോ പ്രതിഭാസം അവസാനിച്ചു, ഇനി വരുന്നത് ലാ നിനാ

തൃശൂര്‍: സംസ്ഥാനത്ത് ജൂണില്‍ കാലവര്‍ഷത്തില്‍ 13ശതമാനം കുറവ്. 27വരെയുള്ള കണക്ക് പ്രകാരമാണിത്. 568.2 മില്ലിമീറ്റര്‍ മഴയാണ് ജൂണില്‍ പ്രതീക്ഷിച്ചത്. ലഭിച്ചത് 493 മില്ലിമീറ്റര്‍. ദീര്‍ഘകാല ശരാശരി പ്രകാരം 680 മില്ലിമീറ്റര്‍ മഴയാണ് ഈമാസം ലഭിക്കേണ്ടത്. തിങ്കളാഴ്ച ആരംഭിച്ച ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നുണ്ട്. 19ശതമാനം മഴ ലഭിച്ചാലാണ് ശരാശരി മഴ ലഭിച്ചുവെന്ന് കണക്കാക്കുക.

ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. ഇതുള്‍പ്പെടെ ആറ് ജില്ലകളില്‍ പ്രതീക്ഷിച്ചതിലും ചെറിയൊരളവ് കൂടുതല്‍ ലഭിച്ചു. മലപ്പുറം, കോഴിക്കോട്,കോട്ടയം, പാലക്കാട് ജില്ലകളിലും ജൂണില്‍ കൂടുതല്‍ മഴ ലഭിച്ചു. അതേസമയം, മഴയില്‍ വന്‍കുറവ് വയനാട്ടിലാണ്. 66ശതമാനമാണ് കുറവ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 26 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം മഴകൂടുതല്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ ഭാഗമായി കടല്‍ പ്രക്ഷുബ്ധമാണ്. ഇപ്പോള്‍ കിട്ടുന്ന മഴ ഇതിന്‍െറ ഭാഗമാണ്. ഈമാസം എട്ടോടെയാണ് കാലവര്‍ഷം തുടങ്ങിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍െറ കണക്ക്.

കഴിഞ്ഞ രണ്ടുവര്‍ഷം മഴ കുറയാന്‍ കാരണമായ എല്‍ നിനോ പ്രതിഭാസം പൂര്‍ണമായും വിട്ടൊഴിഞ്ഞതായും ആഗസ്റ്റോടെ ലാ നിനാ പ്രതിഭാസം രൂപപ്പെടുമെന്നും കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി.എസ്. ഗോപകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാകും ലാ നിനാ പ്രതിഭാസം നിലനില്‍ക്കുക. അസാധാരണ നിലയില്‍ സമുദ്രോപരിതലം തണുക്കുമെന്നാണ് എല്ലാ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളും നല്‍കുന്ന മുന്നറിയിപ്പ്.

മണ്‍സൂണിന്‍െറ രണ്ടാംപകുതിയാണ് ഈ മാസങ്ങള്‍ എന്നതിനാല്‍ കാലവര്‍ഷത്തിന് ഗുണമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കാലവര്‍ഷങ്ങളുടെ കണക്കെടുത്താല്‍ മലയോര മേഖലയില്‍ മഴ കുറയുന്നതായാണ് വിലയിരുത്തല്‍. ഇടുക്കിയില്‍ ഈ മാസം 17ശതമാനമാണ് കുറവ്. ഇവിടെ ചൂടിലും ഭൂഗര്‍ഭ ജലത്തിന്‍െറ അളവിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ഭൂമിയുടെ ഉപയോഗത്തില്‍ വന്ന മാറ്റവും വനനശീകരണവും കാരണമാണ്. ഹൈറേഞ്ച് മേഖലയിലെ മഴയുടെ കുറവ് പഠനവിധേയമാക്കേണ്ടതാണെന്ന് ഡോ. ഗോപകുമാര്‍ പറഞ്ഞു.

ലാ നിനാ പ്രതിഭാസം

സമുദ്രോപരിതലം ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന്‍െറ നേര്‍വിപരീതമാണ് ലാ നിനാ പ്രതിഭാസം. ലാ നിനാ  ഉണ്ടാകുമ്പോള്‍ സമുദ്രോപരിതല താപനില ക്രമാതീതമായി താഴുന്നു. കനത്ത മഴക്കും മഞ്ഞുവീഴ്ചക്ക് പോലും ഇത് കാരണമാകും. 2010-11 കാലഘട്ടത്തില്‍ ലാ നിനാ പ്രതിഭാസം രൂപപ്പെട്ടിരുന്നു. കാലവര്‍ഷത്തിന്‍െറ രണ്ടാം പകുതിയില്‍ വരുന്ന ലാ നിനാ പ്രതിഭാസം കാലവര്‍ഷത്തില്‍ വര്‍ധനവുണ്ടാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.