നാടകാചാര്യന്‍ ചിരസ്മൃതിയില്‍

ആലപ്പുഴ: കലോപാസനക്ക് ഊര്‍ജം പകര്‍ന്നുനല്‍കിയ മണ്ണില്‍ നാടകാചാര്യന്‍ വിലയംപ്രാപിച്ചു. കാവാലം നാരായണപ്പണിക്കരുടെ സംസ്കാരചടങ്ങുകള്‍ക്ക് ജനസഞ്ചയം സാക്ഷിയായി. സമൂഹത്തിന്‍െറ നാനാതുറകളില്‍പെട്ട വരുടെ പ്രാര്‍ഥനനിറഞ്ഞ അന്തരീക്ഷത്തില്‍ കാവാലത്തെ ശ്രീഹരി എന്ന വീട്ടുവളപ്പില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.
ചൊവ്വാഴ്ച രാവിലെമുതല്‍ കാവാലത്തിന്‍െറ കുടുംബവീടായ ചാലയില്‍ തറവാട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്. ശിഷ്യഗണങ്ങളും കുട്ടികളും മാത്രമല്ല, കലാരംഗത്തെയും സിനിമാരംഗത്തെയും നിരവധി പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാനത്തെി. കാവാലം ഗ്രാമം ഇതുവരെ കാണാത്ത തരത്തിലുള്ള വിടവാങ്ങല്‍ ചടങ്ങാണ് നടന്നത്. ചാലയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് വിലാപയാത്രയായി കാവാലത്തിന്‍െറ വീടായ ശ്രീഹരിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്‍െറ സോപാനത്തിലെ കലാകാരന്മാരും ശിഷ്യന്മാരായ കുട്ടികളും രാവിലെതന്നെ സംഗീതാര്‍ച്ചന നടത്തിവന്നിരുന്നു.
മൂത്തമകന്‍ ഹരികൃഷ്ണന്‍ അന്ത്യവിശ്രമംകൊള്ളുന്ന വീട്ടുവളപ്പിന് അടുത്തുതന്നെയാണ് കാവാലത്തിനും ചിതയൊരുക്കിയത്. വലിയ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് പൊലീസിനെയും ഏറെ പ്രയാസപ്പെടുത്തി. നിശ്ചയിച്ച സമയത്തെക്കാള്‍ ഏറെ വൈകിയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയായത്. ചിതയിലേക്ക് എടുക്കുന്നതുവരെ നടന്‍ നെടുമുടി വേണു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടന്നു.
വൈകുന്നേരം അഞ്ചുമണിയോടെയാണ് മകന്‍ കാവാലം ശ്രീകുമാര്‍ ചിതക്ക് തീപകര്‍ന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, നടന്‍ സുരേഷ് ഗോപി എം.പി, തോമസ് ചാണ്ടി എം.എല്‍.എ, സംവിധായകനും കാവാലത്തിന്‍െറ ശിഷ്യനുമായ ഫാസില്‍, നടന്‍ ഫഹദ് ഫാസില്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍, നടി മഞ്ജു വാര്യര്‍, നടന്‍ അനൂപ് ചന്ദ്രന്‍, സംവിധായകന്‍ വിനയന്‍, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, കടമ്മനിട്ടയുടെ ഭാര്യ ശാന്ത, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രതിനിധിയായ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഫാ. സേവ്യര്‍ കുടിയാംശേരി, സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കബീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. കൂടാതെ, പ്രദേശത്തെ വിദ്യാലയങ്ങളില്‍നിന്നുള്ള കുട്ടികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.