തീരുവയില്ലാതെ ഇറക്കുമതിക്ക് അനുമതി; റബര്‍ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും പ്രഹരം

കോട്ടയം: റബര്‍ കര്‍ഷകര്‍ക്കും റബര്‍ അധിഷ്ഠിത വ്യവസായികള്‍ക്കും കനത്ത പ്രഹരമേല്‍പിച്ച് മലേഷ്യയില്‍നിന്നുള്ള റബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ തീരുവയില്ലാതെ യഥേഷ്ടം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കേന്ദ്ര ധനമന്ത്രാലയം ജൂണ്‍ 21നാണ് ഇതിന് ഉത്തരവ് ഇറക്കിയത്. കേരളത്തിലെ 10 ലക്ഷത്തോളം ചെറുകിട റബര്‍ കര്‍ഷകരെയാകും കേന്ദ്ര നടപടി ഏറെ ബാധിക്കുക. കസ്റ്റംസ് / എക്സൈസ് വകുപ്പുകള്‍ക്കുവേണ്ടി ഇറക്കിയ 40/ 2016 ഉത്തരവ് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ പ്രാബല്യത്തിലുമായി. 

അനുമതിക്ക് പിന്നാലെ  മലേഷ്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ യഥേഷ്ടം ഇന്ത്യന്‍ വിപണിയില്‍ എത്തിയതായി റബര്‍ വ്യവസായികള്‍ അറിയിച്ചു. കേന്ദ്ര തീരുമാനം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് സ്വദേശത്തും വിദേശത്തും വിലയിടിക്കാന്‍ ഇടയാക്കും.  ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്‍െറ ഭാഗമായാണ്  തീരുമാനമെന്നാണ് ഒൗദ്യോഗിക വിശദീകരണം. മലേഷ്യയില്‍നിന്നുള്ള റബര്‍ മാറ്റുകള്‍, ട്യൂബുകള്‍, സ്പോര്‍ട്സ് ഉല്‍പന്നങ്ങള്‍, സ്ക്രാപ് റബറുകള്‍ എന്നിവയെല്ലാം ഇനി ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും.

അതോടൊപ്പം ടയര്‍ ഉല്‍പന്നങ്ങളും ത്രെഡ് റബറുകളും കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഉല്‍പന്നങ്ങളും അഞ്ചു ശതമാനം മാത്രം നികുതി നല്‍കി ഇറക്കുമതി നടത്താനും അനുമതി നല്‍കി. നിലവില്‍ 20 ശതമാനമായിരുന്നു നികുതി. സെപ്റ്റംബര്‍ മുതല്‍ 10 ആസിയാന്‍ രാജ്യങ്ങള്‍ക്കും മറ്റ് ആറു രാജ്യങ്ങള്‍ക്കും ഇറക്കുമതിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ചൈന, ന്യൂസിലന്‍ഡ്, ആസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് സ്വതന്ത്ര വ്യാപാരത്തിനുള്ള അനുമതിയാണ് ഇന്ത്യയില്‍ ലഭിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.