വിയ്യൂര്‍ ജയിലിലെ സിനിമാ ചിത്രീകരണം വിവാദത്തിലേക്ക്

തൃശൂര്‍: വിയ്യൂര്‍ ജയിലിലെ സിനിമാ ചിത്രീകരണം വിവാദത്തിലേക്ക്. ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ എത്തുന്ന ‘നവല്‍ എന്ന ജുവല്‍’ എന്ന ചിത്രത്തിന്‍െറ ചിത്രീകരണവുമായി  ബന്ധപ്പെട്ടാണ് ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയത്. രഞ്ജി ലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യന്ന ചിത്രം അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ചിത്രീകരിച്ചുവെന്ന നിരീക്ഷണത്തിലാണ് ആഭ്യന്തര വകുപ്പിന്‍െറ നടപടി. ജയിലിന് മുന്നില്‍ മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരുന്നതത്രേ.

എന്നാല്‍ അതീവ സുരക്ഷയുള്ള ജയിലറകള്‍ വരെ ചിത്രീകരിക്കുന്നുണ്ടത്രേ. താരങ്ങളുടെയും സംവിധായകരുടെയും പ്രീതി പിടിച്ചു പറ്റാനും സിനിമയില്‍ മുഖം കാണിക്കാനുള്ള ചില ജയില്‍ ഉദ്യോഗസ്ഥരുടെ ആഗ്രഹവുമാണ് ചിത്രീകരണത്തിന് മൗനാനുവാദം നല്‍കാന്‍ കാരണമെന്നാണ് വകുപ്പ് മേധാവികള്‍ വിലയിരുത്തുന്നത്. വിയ്യൂര്‍ ജയിലില്‍ നേരത്തെ സിനിമാ ചിത്രീകരണം ഏറെ വിവാദമായിരുന്നു.

ജില്ലയില്‍ അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ ചിത്രീകരണത്തിന് നല്‍കുകയും ഷൂട്ടിങ്ങിന് എത്തിച്ച ബോട്ട് എന്‍ജിന്‍ പൊട്ടിത്തെറിച്ച് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെങ്കിലും അനുമതിയില്ലാതെ ചിത്രീകരണത്തിന് സ്റ്റേഷന്‍ അനുവദിച്ച കാര്യത്തില്‍ നടപടി ഉന്നത ഇടപെടല്‍ കാരണം ഒഴിവായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.