സംസ്ഥാനത്ത് കഞ്ചാവ് ഉപഭോഗം വര്‍ധിക്കുന്നു

കൊല്ലം: പശ്ചിമഘട്ട മലനിരകളില്‍നിന്ന് കഞ്ചാവ് ഊരുകളും സംസ്കരണ കേന്ദ്രങ്ങളും തുടച്ചുനീക്കപ്പെട്ടെങ്കിലും സംസ്ഥാനത്ത് കഞ്ചാവ് ഉപഭോഗം വര്‍ധിക്കുന്നു. പുതിയ തലമുറയാണ് കഞ്ചാവിന്‍െറ ലഹരി തേടിപ്പോകുന്നത്. ഓരോ വര്‍ഷവും സംസ്ഥാനത്ത് പിടിക്കുന്ന കഞ്ചാവ് കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. അപകടകരമായ സ്ഥിതിയിലേക്കാണ് കേരളം നീങ്ങുന്നതെന്നാണ് സൂചന. 2008ല്‍ സംസ്ഥാന പൊലീസ് 402 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ കേസുകളുടെ എണ്ണം 974ല്‍ എത്തി. 2014ല്‍ 2239 കേസും 2015ല്‍ 4105 കേസും 2016 മാര്‍ച്ച് വരെ 1373 കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.
2015ല്‍ 1425 കേസാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. 1619 പേരെ അറസ്റ്റ് ചെയ്തു. 807 കിലോ കഞ്ചാവും പിടികൂടി.
ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് ഓയില്‍, ഓപ്പിയം, വിവിധതരം ലഹരിഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വര്‍ഷം മാര്‍ച്ച് വരെ 575 കേസുകളിലായി 664 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 കിലോ കഞ്ചാവും പിടിച്ചെടുത്തു. ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, ഹാഷിഷ് ഓയില്‍, ലഹരിഗുളികകള്‍ എന്നിവ ഈ വര്‍ഷവും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ചെടികളും എക്സൈസ് സംഘം വെട്ടിനശിപ്പിച്ചു. ഇടുക്കിയിലെ പല ഗ്രാമങ്ങളും ഒരിക്കല്‍ അറിയപ്പെട്ടിരുന്നത് കഞ്ചാവൂര്‍ എന്ന പേരുകളിലായിരുന്നു. അടുക്കളത്തോട്ടംപോലെ കഞ്ചാവ് കൃഷി ചെയ്യുകയും കുടില്‍വ്യവസായംപോലെ കഞ്ചാവ് സംസ്കരണ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത ഗ്രാമങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു. ഇടുക്കിയിലെ കൊച്ചുഗ്രാമങ്ങള്‍ തേടി വിദേശരാജ്യങ്ങളില്‍നിന്ന് മയക്കുമരുന്ന് ഉപഭോക്താക്കള്‍ എത്തി.
ലോകത്തിലെ ഏറ്റവും നല്ല നീല ചടയന്‍ വിളഞ്ഞിരുന്നത് ഇടുക്കിയിലായിരുന്നു.
അതിര്‍ത്തി കടന്ന് ശ്രീലങ്ക വഴിയായിരുന്നു ഇവ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. ഇന്ന് കഞ്ചാവ് ഗ്രാമങ്ങളില്ല. 1980കളില്‍ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സിറ്റിസണ്‍സ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്സ് എന്ന സംഘടന റവന്യൂ, വനം, പൊലീസ്, എക്സൈസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നിരന്തരം നടത്തിയ കഞ്ചാവ് വേട്ടയാണ് കാരണം.
ഇപ്പോഴും ഉള്‍വനങ്ങളില്‍ ഒറ്റപ്പെട്ടനിലയില്‍ കൃഷിയുണ്ട്. വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്നവര്‍ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ വനങ്ങളിലേക്ക് കുടിയേറി. അവിടെനിന്ന് തമിഴ്നാട് വഴിയാണ് ഇപ്പോള്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.