സ്പോര്‍ട്സ് ലോട്ടറി: അഞ്ജുവിന്‍െറ ആരോപണം കാര്യമറിയാതെ –ടി .പി. ദാസന്‍

കോഴിക്കോട്: വസ്തുതയെന്തെന്ന് നോക്കാതെയാണ് സ്പോര്‍ട്സ്  ലോട്ടറി സംബന്ധിച്ച്  അഞ്ജു ബോബി ജോര്‍ജ് ആരോപണമുന്നയിച്ചതെന്ന്  സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലോട്ടറി വഴി 9.35 കോടി രൂപ ലാഭമുണ്ടായിട്ടുണ്ട്. സര്‍ക്കാറിന് നഷ്ടമുണ്ടെന്നും അഴിമതി നടന്നെന്നുമുള്ള അഞ്ജുവിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതേപ്പറ്റി യു.ഡി.എഫ് കാലത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
 ലോട്ടറി വകുപ്പ് സ്പോര്‍ട്സ് ലോട്ടറിക്കായി അച്ചടിച്ചത് 40 ലക്ഷം ടിക്കറ്റാണ്. അതില്‍ 29,44,798 എണ്ണം  വിറ്റു. ആകെ 29,44,82,300 രൂപയാണ് വരവ്. ഇതില്‍ 20,09,69 847 ചെലവായി. ബാക്കി 9,35,12,453 രൂപ സര്‍ക്കാറിന് ലാഭമായി കിട്ടി. ഇതില്‍നിന്ന് 2007-08 വര്‍ഷത്തില്‍ 10.75 കോടി രൂപ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് പദ്ധതി വിഹതിമായി നല്‍കി. എല്ലാ വര്‍ഷവും നല്‍കാറുള്ള മൂന്ന് കോടി രൂപക്ക് പുറമെയായിരുന്നു ഈ പണം. കായികമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പണം വിനിയോഗിച്ചത്. ലോട്ടറി വിറ്റ വകയില്‍ ഏജന്‍റ് കമീഷനായി സ്പോര്‍ട്സ് കൗണ്‍സിലിന് 1.15 കോടി രൂപയും കിട്ടിയിട്ടുണ്ട്.
സ്പോര്‍ട്സ്- യൂത്ത് ക്ളബുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെ കൂടി ഏജന്‍സിയാക്കിയാണ് ലോട്ടറി വിറ്റത്. ക്രെഡിറ്റ് വ്യവസ്ഥയില്‍ എസ്.ബി.ടിയുടെ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പണമിടപാട് നടന്നത്.  12,13,360 ടിക്കറ്റുകളാണ് ക്രെഡിറ്റ് വ്യവസ്ഥയില്‍ വിറ്റത്. 12.13 കോടി രൂപയാണ് ഈയിനത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍, പണം തിരിച്ചടവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തി. 19 തദ്ദേശ സ്ഥാപനങ്ങള്‍ ഒന്നും തിരിച്ചടച്ചില്ല. 124 സ്ഥാപനങ്ങള്‍ മാത്രമാണ് ടിക്കറ്റ് വിലയുടെ 80 ശതമാനം അടച്ചത്. 329 സ്ഥാപനങ്ങളും ടിക്കറ്റ് വിലയുടെ 80 ശതമാനത്തില്‍ താഴെയാണ് അടച്ചത്. 1.35 കോടി രൂപയാണ് ഈവിധം തിരിച്ചടയ്ക്കാനുള്ളത്. വിറ്റഴിക്കാത്ത ലോട്ടറി തിരിച്ചെടുക്കില്ളെന്ന വ്യവസ്ഥയിലാണ് തദ്ദേശസ്ഥാപനങ്ങള്‍ കരാറില്‍ ഒപ്പിട്ടത്. ഇടപാടില്‍ വീഴ്ച വരുത്തുന്നപക്ഷം തുക തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് തിരിച്ചുപിടിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.  എന്നാല്‍, ഇക്കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. നാല് കൗണ്‍സിലുകള്‍ 8.87 ലക്ഷവും സ്പോര്‍ട്സ് അസോസിഷേയനുകള്‍ 5.09 ലക്ഷവും ലോട്ടറി വിറ്റ വകയില്‍ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. ഈ തുക ഇവര്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്‍റില്‍നിന്ന് പിടിക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ നാട്ടിലുള്ള നോമിനികള്‍ വഴി ടിക്കറ്റ് വിറ്റ വകയില്‍ 3.5 ലക്ഷം രൂപയായിരുന്നു കുടിശ്ശിക. ഇതില്‍ 1.5 ലക്ഷം ലഭിച്ചു. ബാക്കി രണ്ട് ലക്ഷം കിട്ടാനുണ്ട്.
മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായിയും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.