​കൈക്കൂലി നൽകിയാലേ കാര്യം നടക്കൂ എന്നത്​ അനുവദിക്കില്ല – പിണറായി

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യുന്ന സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ആദ്യം  ഉപദേശിക്കണം. പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. കൈമടക്ക് നൽകിയാൽ മാത്രമേ കാര്യം നടക്കൂ എന്ന ചിന്ത ജനത്തിനുണ്ട്. അത് മാറ്റണമെന്നും പിണറായി ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂനിയന്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി രഹിതവും കാര്യക്ഷതയുമുള്ള സിവില്‍ സര്‍വിസ് എന്ന 1988 ലെ ആശയം ഇപ്പോഴും പ്രസക്‌തമാണെന്നും അദ്ദേഹം പറഞ്ഞു. കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഇൗ മുദ്രാവാക്യം നടപ്പാക്കാനായില്ല. ഫയല്‍നോട്ട സമ്പ്രദായം കാലഹരണപ്പെട്ടതാണ്. അത് മാറണം. സിവിൽ സർവിസിനെ മാറ്റാൻ ഉദ്യോഗസ്ഥർക്കു മാത്രമെ കഴിയൂ. ജനങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കുന്നത് ജനപക്ഷത്ത് നിന്നാവണം. നീതി നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ നോക്കിയാൽ അതെല്ലാം ചുവപ്പ് നാടയിൽ കുരുങ്ങിയതായി കാണാം. ഫയലുകളിൽ നിശ്ചിത സമയത്ത് തീരുമാനം ഉണ്ടാവണമെന്നും അർഹരായവർക്ക് ആനൂകൂല്യങ്ങൾ സമയബന്ധിതമായി നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.

പുതിയ കേരള മോഡലിന് സിവിൽ സർവിസ് പുന:ക്രമീകരണം ആവശ്യമാണ്. സർവിസ്  സംഘടനകളെ വിശ്വാസത്തിലെടുത്ത് അവരുമായി ചർച്ച ചെയ്‌ത് സിവിൽ സർവിസ് മേഖലയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായി സംഘടനകളുടെ യോഗം വിളിക്കും. സാമൂഹ്യ ക്ഷേമത്തിൽ അധിഷ്‌ഠിതമായ വികസനം എന്നതാണ് കേരള മോഡൽ. ഇതിെൻറ സത്ത നിലനിൽക്കണമെങ്കിൽ സിവിൽ സർവിസ് ഫലപ്രദമായി പ്രവർത്തിക്കണം. ജനോന്മുഖമായ സിവിൽ സർവിസാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സിവിൽ സർവിസ് പ്രതിസന്ധികൾ നേരിടുന്നു എന്നത് വസ്‌തുതയാണ്. ജനവിരുദ്ധ നയങ്ങൾ വേണ്ട എന്ന നിലപാട് സർവിസ് സംഘടനകൾ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.