കലബുറഗിയിലെ റാഗിങ്: മലയാളി വിദ്യാര്‍ഥിനികള്‍ റിമാൻഡിൽ

ബംഗളൂരു: കലബുറഗിയിലെ നഴ്സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികൾ റിമാൻഡിൽ. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെ 14 ദിവസത്തേക്കാണ് ഗുൽബെർഗ ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ലക്ഷ്മി, ആതിര എന്നിവരെ ഗുൽബെർഗ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതേസമയം, വയറുവേദനയെ തുടർന്ന് മൂന്നാം പ്രതി കൃഷ്ണപ്രിയയെ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അശ്വതിയുടെ റൂം മേറ്റ് ചമ്രവട്ടം സ്വദേശി സാഹി നിഹിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് മൂന്ന് പ്രതികളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതി ശിൽപയെ പിടികൂടാനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അതിനിടെ, അന്വേഷണ ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി എ.എസ്. ഝാന്‍വി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അശ്വതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തും.

വിദ്യാർഥികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനും റാഗിങ് വിവരം മറച്ചുവെച്ചതിനും കോളജ് അധികൃതർക്കെതിരെ കർണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കലബുറഗി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കേരളത്തിലെ ആന്‍റി റാഗിങ് നിയമത്തിനു പകരം കര്‍ണാടക വിദ്യാഭ്യാസ നിയമവും കോളജിലും ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ചവരുത്തിയതിന് കോളജ് അധികൃതര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 336 വകുപ്പും ചേര്‍ത്തിട്ടുണ്ട്. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഐ.പി.സിയിലെ 176 വകുപ്പും ചുമത്തി. മലയാളി വിദ്യാര്‍ഥികളായ ജോ, രേഷ്മ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോഴിക്കോട് പൊലീസ് കൈമാറിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെയും കോളജ് പ്രിന്‍സിപ്പല്‍ എസ്തറിനെയും ജീവനക്കാരെയും വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. കലബുറഗി എസ്.പി ശശികുമാര്‍, അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി, നാല് ഇന്‍സ്പെക്ടര്‍മാര്‍, രണ്ടു വനിതാ എസ്.ഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് ചോദ്യം ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.